യു എന്‍ മനുഷ്യാവകാശ സംഘടനാ മേധാവി ജാഫ്‌ന സന്ദര്‍ശിച്ചു

Posted on: August 29, 2013 6:32 am | Last updated: August 29, 2013 at 7:33 am

കൊളമ്പോ: ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടനാ മേധാവി നവി പിള്ള ജാഫ്‌ന സന്ദര്‍ശിച്ചു.

മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട വംശീയ യുദ്ധത്തില്‍ ശ്രീലങ്കയില്‍ നിന്ന് അപ്രത്യക്ഷരായവരുടെ കുടുംബങ്ങളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് നവി പിള്ളയുടെ സന്ദര്‍ശനം. തമിഴ് പുലികളുടെ ശക്തി കേന്ദ്രമായ ജാഫ്‌നയില്‍ കഴിഞ്ഞ ദിവസമാണ് യു എന്‍ മനുഷ്യാവകാശ മേധാവി വിവര ശേഖരണത്തിനായി എത്തിയത്. എന്നാല്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന് തങ്ങളെ അകറ്റിനിര്‍ത്തുകയാണെന്ന് തമിഴ് വംശജര്‍ ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് ജാഫ്‌ന ലൈബ്രറിക്കു മുന്നില്‍ പ്രതിഷേധമുണ്ടായത്.
കാണാതായവരുടെ സുഹൃത്തുക്കളും ബന്ധുക്കളും അടക്കം നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. തമിഴ് വംശജരായ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ കാണാതായ ബന്ധുക്കളുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളുമേന്തിയാണ് എത്തിയത്.
2010 മുതല്‍ കാണാതായ കാര്‍ട്ടൂണിസ്റ്റ് പ്രഗീത് എക്‌നാലിഗോദയുടെ ഭാര്യയും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്നു. 2009 ലായിരുന്നു ശ്രീലങ്കന്‍ സേന പ്രത്യേക രാഷ്ട്രം എന്ന ആവശ്യവുമായി പോരാടിക്കൊണ്ടിരുന്ന എല്‍ ടി ടി യെ പരാജയപ്പെടുത്തിയത്. ആ ഏറ്റുമുട്ടലുകളില്‍ നാല്‍പ്പതിനായിരത്തോളം തമിഴ് വംശജര്‍ കൊല്ലപ്പെടുകയും 500 ഓളം പേരെ കാണാതാവുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് അന്വേഷണത്തിന് നിര്‍ബന്ധിതമായിരിക്കെയാണ് യു എന്‍ മനുഷ്യാവകാശ സംഘം ജാഫ്‌ന സന്ദര്‍ശിച്ചിരിക്കുന്നത്.