വ്യാജ സീലും ഒപ്പും ആര്‍ ടി ഒ ഓഫീസില്‍ ഹാജരാക്കി തട്ടിപ്പ്: രണ്ട്‌പേര്‍ അറസ്റ്റില്‍

Posted on: August 29, 2013 1:08 am | Last updated: August 29, 2013 at 1:08 am
SHARE

rtoഇരിങ്ങാലക്കുട: വാഹനങ്ങളുടെ നികുതി അടക്കുന്നതിന് ജില്ലാക്ഷേമ നിധി ഓഫീസിലെ സീലും ഒപ്പും വ്യാജമായി നിര്‍മിച്ച് രശീതി ഇരിങ്ങാലക്കുട ആര്‍ ടി ഒ ഓഫീസില്‍ ഹാജരാക്കിയ ഏജന്റിനെയും കുട്ടാളിയേയും പോലിസ് അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി പുത്തന്‍പറമ്പില്‍ സുഭാഷ് (43) ഇരിങ്ങാലക്കുട മന്ത്രിപുരം പനങ്ങാട്ടില്‍ കരുണാകരന്‍(45) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ കൂടുതലായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജരേഖ ചമച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കമ്പ്യൂട്ടര്‍ വിദഗ്ധനായ അജിത്തിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. മോട്ടോര്‍ വാഹനങ്ങളുടെ ടാക്‌സ് അടയ്ക്കുന്നതിന് തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കണമെന്ന നിര്‍ബന്ധമാണ് തട്ടിപ്പിന് സാഹചര്യമൊരുക്കിയത്. ക്ഷേമനിധി വിഹിതം വാഹന ഉടമകളില്‍ നിന്നും കൈപ്പറ്റി ബോര്‍ഡില്‍ അടക്കാതെ അടച്ചതായുള്ള ക്ഷേമനിധി ഓഫീസറുടെ വ്യാജ രശീതി ഉണ്ടാക്കി അവ ആര്‍ ടി ഒ ഓഫീസില്‍ ഹാജരാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ബി എസ് എന്‍ എല്‍ ഓഫീസിന് എതിര്‍വശത്തുള്ള ടീം ഡിജിറ്റല്‍ എന്ന കമ്പ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഉടമ അജിത്താണ് രണ്ടാം പ്രതിയായ കരുണാകരന്റെ നിര്‍ദേശപ്രകാരം വ്യാജ രശീതികള്‍ നിര്‍മിച്ചത്.
ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ ടി ഒ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നുള്ള പോലീസ് നിരീക്ഷണത്തിലാണ് ഇവര്‍ പിടയിലായത്. ഇയാളുടെ ഓഫീസില്‍ നിന്ന് ഒട്ടനവധി വ്യാജ രശീതികളും കണക്കില്‍ പെടാതെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന 13 ലക്ഷം രൂപയും നിരവധി ആര്‍ സി ബുക്കുകളും കണ്ടെടുത്തു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണതിലാണ് വ്യാജരേഖ നിര്‍മാണത്തിന്റെ സൂത്രധാരനായ കരുണാകരനെ ഇരിങ്ങാലക്കുട കോടതി പരിസരത്ത് നിന്നും പോലീസ് അറസ്റ്റു ചെയ്തത്. ഒരു വര്‍ഷം മുമ്പ് വ്യാജരേഖ നിര്‍മിച്ചതിന് സുഭാഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ സുഭാഷ് വീണ്ടും തട്ടിപ്പ് നടത്തി വരികയായിരുന്നു.