ഏകദിനത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ മോര്‍ഗന്‍ നയിക്കും

Posted on: August 28, 2013 7:10 am | Last updated: August 28, 2013 at 7:59 am
SHARE

ലണ്ടന്‍: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ച സെലക്ടര്‍മാര്‍ ബാറ്റ്‌സ്മാന്‍ ഇയോന്‍ മോര്‍ഗനെ നേതൃസ്ഥാനത്തേക്കുയര്‍ത്തി. ജെയിംസ് ആന്‍ഡേഴ്‌സന്‍, ഇയാന്‍ ബെല്‍, സ്റ്റുവര്‍ട് ബ്രോഡ്, ഗ്രെയിം സ്വാന്‍ എന്നിവരാണ് വിശ്രമമനുവദിക്കപ്പെട്ടവര്‍. മൈക്കര്‍ കാര്‍ബെറി, ക്രിസ് ജോര്‍ദാന്‍, ജാമി ഓവര്‍ടണ്‍, ബോയ്ഡ് റാന്‍കിന്‍ എന്നീ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി. ആസ്‌ത്രേലിയക്കെതിരെ ഈ മാസം 29,31 തീയതികളില്‍ ട്വന്റി ട്വന്റി കളിച്ച ശേഷം അടുത്ത മാസം മൂന്നിന് അയര്‍ലന്‍ഡുമായി ഏകദിന മത്സരം കളിക്കും. ഓസീസിനെതിരായ ഏകദിന പരമ്പര ആറിന് തുടങ്ങും. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍. അയര്‍ലാന്‍ഡിനെതിരായ ഇംഗ്ലണ്ട് ടീമില്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍, ജൊനാഥന്‍ ട്രോട്, ജോ റൂട്ട് എന്നിവര്‍ ഇല്ല. വിശ്രമത്തിന് ശേഷം ഓസീസിനെതിരായ പരമ്പരക്ക് ഇവര്‍ തിരിച്ചെത്തും. യോര്‍ക്‌ഷെര്‍ ബാറ്റ്‌സ്മാന്‍ ഗാരി ബാലന്‍സ്, നോട്ടിംഗ്ഹാംഷെയര്‍ ബാറ്റ്‌സ്മാന്‍ ജെയിംസ് ടെയ്‌ലര്‍, ഹാംഷെര്‍ സ്പിന്നര്‍ ഡാനി ബ്രിഗ്‌സ് എന്നിവര്‍ അയര്‍ലാന്‍ഡിനെതിരായ മത്സരത്തിനുള്ള ടീമില്‍ ഇടം നേടി.ആസ്‌ത്രേലിയയാകട്ടെ ആഷസ് കളിച്ച ഏഴ് താരങ്ങളെ മാത്രമാണ് പതിനെട്ടംഗ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.