Connect with us

National

സിദ്ദുവിനെ 'കാണാനില്ല'; കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം

Published

|

Last Updated

അമൃത്‌സര്‍: നവജോത് സിംഗ് സിദ്ദു, സ്ഥലം എം പി, 49 വയസ്സ്, 2012 സെപ്തംബര്‍ മുതല്‍ കാണാനില്ല, ടി വി ചാനലിലാണ് അവസാനമായി കണ്ടത്. ഇദ്ദേഹത്തെ കണ്ടെത്തി നാട്ടില്‍ തിരിച്ചെത്തിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ സമ്മാനം. തിങ്കളാഴ്ച രാവിലെ അമൃത്‌സറിലെ ചുമരുകളിലും ബസുകളിലും ട്രെയിനുകളിലും കാണപ്പെട്ട പോസ്റ്ററാണിത്.
പഴയ കെട്ടിടങ്ങള്‍ തകരുന്നത് നിത്യസംഭവമാകുന്നു, പുതിയ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു, നഗരത്തിലെങ്ങും മലിനജലം കെട്ടിക്കിടക്കുന്നു തുടങ്ങി ജനങ്ങളെ ബാധിക്കുന്ന എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങളുണ്ടായിട്ടും കഴിഞ്ഞ സെപ്തംബറിന് ശേഷം ബി ജെ പി. എം പിയായ സിദ്ദു മണ്ഡലത്തിലെത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് അമൃത്‌സര്‍ സംഘര്‍ഷ് സമിതിയെന്ന സര്‍ക്കാറിതര സംഘടന ഇത്തരമൊരു പോസ്റ്റര്‍ പതിച്ച് ജനശ്രദ്ധ നേടിയത്. ഈ പോസ്റ്റര്‍ വിതരണം ചെയ്യുമ്പോള്‍ ഇദ്ദേഹത്തെ കണ്ടുവോയെന്നും സംഘടനയുടെ നേതാക്കള്‍ ജനങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു.
നേരത്തെ, പാട്യാല എം എല്‍ എയും മുന്‍മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെ അകാലിദള്‍ നേതാവ് ഇത്തരമൊരു പോസ്റ്റര്‍ ഇറക്കിയിരുന്നു. അന്ന് അമരീന്ദറിനെ കണ്ടെത്തുന്നവര്‍ 25,000 രൂപ നല്‍കുമെന്നാണ് പോസ്റ്ററിലുണ്ടായിരുന്നത്. ഈ പോസ്റ്റര്‍ പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ അമരീന്ദര്‍ മണ്ഡലത്തിലെത്തി.
സിദ്ദുവിന്റെ ആരോഗ്യനില മോശമായോ എന്ന് കരുതി ജനങ്ങള്‍ ആദ്യം പരിഭ്രാന്തരായി. അല്ലെങ്കില്‍ എന്തെങ്കിലും ഭീഷണിയുണ്ടോയെന്ന് അവര്‍ വിചാരിച്ചതായി സമിതി പ്രസിഡന്റ് രമണ്‍ ബക്ഷി പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ ബി ജെ പി മേയര്‍ ബക്ഷി റാം അറോറയുടെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിനാണ് അവസാനമായി സിദ്ദു അമൃത്‌സറിലെത്തിയത്. “കപിലുമൊത്ത കോമഡി രാത്രികള്‍” എന്ന ചാനലിലെ ഹാസ്യ പരിപാടിയില്‍ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മാത്രമാണ് സിദ്ദുവിനെ കാണുന്നത്. അതുമാത്രമാണ് “കാണാതായ” എം പിയെ സംബന്ധിച്ച വിവരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാര്യ ഡോ. നവജോത് കൗര്‍ സിദ്ദുവിന്റെ പ്രചാരണരംഗത്ത് സജീവമായി സിദ്ദു അമൃത്‌സറിലുണ്ടായിരുന്നു.
സിദ്ദുവിന്റെ “തിരോധാനത്തെ” സംബന്ധിച്ച് ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിന് എഴുതുമെന്ന് സമിതി നേതാക്കള്‍ അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തിലും പങ്കെടുക്കാത്ത സിദ്ദു എവിടെയാണുള്ളതെന്നും അവസാനമായി പാര്‍ലിമെന്റില്‍ ഹാജരായ വിവരങ്ങളും നല്‍കാനാണ് സ്പീക്കറോട് അഭ്യര്‍ഥിക്കുക. പോസ്റ്ററും സ്പീക്കര്‍ക്ക് അയച്ചുകൊടുക്കും.

Latest