എടക്കല്‍ ഗുഹ സംരക്ഷണം; റവന്യു വകുപ്പ് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കും

Posted on: August 28, 2013 12:38 am | Last updated: August 28, 2013 at 12:38 am
SHARE

കല്‍പറ്റ: വയനാട്ടിലെ അമ്പുകുത്തി മലനിരകളിലുള്ള എടക്കല്‍ ഗുഹയുടെയും അതിലെ ശിലാരചനകളുടെയും സംരക്ഷണം മുന്‍നിര്‍ത്തി റവന്യൂ വകുപ്പ് സംസ്ഥാന പുരാവസ്തു വകുപ്പിന് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കും. നിലവില്‍ എടക്കല്‍ ഗുഹ ഉള്‍പ്പെടുന്ന 50 സെന്റ് സ്ഥലമാണ് പുരാവസ്തു വകുപ്പിന്റെ കൈവശം. ഇതിനുചുറ്റുമായി അഞ്ച് ഏക്കര്‍ സ്ഥലമാണ് റവന്യൂ വകുപ്പ് വിട്ടുതരാമെന്ന് അറിയിച്ചിരിക്കുന്നതെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍ പറഞ്ഞു.
വളരെയേറെ ചരിത്രപ്രാധാന്യമുള്ളതാണ് എടക്കല്‍ ഗുഹാഭിത്തികളിലെ രചനകള്‍. വയനാടിന്റെ ഗതകാല സംസ്‌കൃതിയിലേക്ക് വെളിച്ചംവീശുന്നതാണ് ചിത്രങ്ങളും എഴുത്തുകളുമടക്കം ഓരോ രചനയും.
ചരിത്രപ്രാധാന്യം കണക്കിലെടുത്ത് എടക്കല്‍ ഗുഹയ്ക്ക് യുനസ്‌കോയുടെ ലോക പൈതൃക പദവി നേടിയെടുക്കുന്നതിനുള്ള ശ്രമം സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ലോക പൈതൃക പദവി സ്‌പെഷ്യല്‍ ഓഫീസറായി ഡോ. എലിസബത്ത് തോമസിനെ നിയമിച്ചിട്ടുണ്ട്. എടക്കല്‍ ഗുഹയ്ക്കു പുറമേ കന്യാകുമാരി ജില്ലയില്‍ കേരളത്തിന്റെ കൈവശത്തിലുള്ള പദ്മനാഭപുരം കൊട്ടാരത്തിനും ലോക പൈതൃക പദവി നേടിയെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.
1984ലാണ് എടക്കല്‍ ഗുഹയും അതുള്‍പ്പെടുന്ന 50 സെന്റ് സ്ഥലവും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കൈവശത്തിലെത്തിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗുഹയുടെയും രചനകളുടെയും ശാസ്തീയ സംരക്ഷണത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ പുരാവസ്തു വകുപ്പിന് കഴിഞ്ഞിരുന്നില്ല. സ്ഥലപരിമിതിയായിരുന്നു ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്.
റവന്യൂ വകുപ്പ് അഞ്ച് ഏക്കര്‍ ഭൂമി വിട്ടുകൊടുക്കുന്നതോടെ ഈ പ്രശ്‌നത്തിനു ഒരളവോളം പരിഹാരമാകും. ഭൂമി കൈമാറ്റത്തിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് വയനാട് എ.ഡി.എം. എന്‍.ടി.മാത്യു പറഞ്ഞു.
പശ്ചിമഘട്ടത്തിന്റെ വാലറ്റത്തുള്ള എടക്കല്‍ ഗുഹയ്ക്ക് ലോക പൈതൃക പദവി നേടിയെടുക്കുന്നതിനുള്ള ശ്രമം സംസ്ഥാന പുരാവസ്തുവകുപ്പ് 2010ല്‍ തുടങ്ങിയതാണ്. ഗുഹയുടെയും രചനകളുടെയും ചരിത്ര-സാംസ്‌കാരിക പ്രാധാന്യം യുനസ്‌കോയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2011ല്‍ രണ്ട് ദേശീയ സെമിനാറുകള്‍ നടത്തി. ഗുഹാഭിത്തികളിലെ രചനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ദേശീയ ശില്‍പശാല കഴിഞ്ഞ ദിവസങ്ങളില്‍ ബത്തേരിയില്‍ നടന്നു.
ചോര്‍ച്ചയും സമീപപ്രദേശങ്ങളിലെ കരിങ്കല്‍ ഖനനവുമാണ് എടക്കലിലെ ചരിത്ര സ്മാരകം നിലവില്‍ നേരിടുന്ന കടുത്ത ഭീഷണികള്‍. ഇത് അകറ്റി ഗുഹയുയുടെയും രചനകളുടെയും ദീര്‍ഘകാല സംരക്ഷണത്തിനു ഉതകുന്ന പരിപാടികളാണ് ശില്‍പശാലയില്‍ ചര്‍ച്ചയ്ക്ക് വിഷയങ്ങളായത്. പുരാവസ്തു ഗവേഷകര്‍, ശിലാരൂപീകരണ ശാസ്ത്ര വിദഗ്ധര്‍, വിവിധ ഐ.ടി.ഐകളില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍, ഭൗമവിദഗ്ധര്‍, കാലാവസ്ഥ ശാസ്ത്രജ്ഞര്‍, ശിലാവശിഷ്ടശാസ്ത്ര ഗവേഷകര്‍, സസ്യശാസ്ത്രജ്ഞര്‍, ചിത്രകാര•ാര്‍, ചരിത്ര വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. ഇവര്‍ എടക്കല്‍ ഗുഹയില്‍ സന്ദര്‍ശനം നടത്തുകയുമുണ്ടായി.
യുനസ്‌കോ പരിഗണിക്കുന്ന മാനദണ്ഡങ്ങളില്‍ ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ടവ എടക്കല്‍ ഗുഹയ്ക്ക് ലോക പൈതൃക പദവി നേടിയെടുക്കുന്നതിനു പര്യാപ്തമാണെന്ന് പൈതൃക പദവി പദ്ധതി സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.എലിസബത്ത് തോമസ് പറഞ്ഞു.
അപൂര്‍വവും നൈപുണ്യമാര്‍ന്നതുമായ മനുഷ്യപ്രയത്‌നത്തിന്റെ പകരംവെയ്ക്കാനില്ലാത്ത ഉദാഹാരണമാണ് എടക്കല്‍ ഗുഹാഭിത്തികളിലെ ചിത്രങ്ങളും എഴുത്തുകളും. ബി.സി. 4000നും എ.ഡി പതിനൊന്നിനും ഇടയില്‍ പലപ്പോഴായി രചിക്കപ്പെട്ടതാണ് ഇവ. ലോക പൈതൃക പദവി ലഭിക്കുന്നത് തലമുറകള്‍ക്കായി കാലങ്ങളോളം കാത്തുസൂക്ഷിക്കേണ്ട എടക്കല്‍ ഗുഹാഭിത്തികളിലെ ചിത്രങ്ങളുടെയും എഴുത്തുകളുടെയും കുറ്റമറ്റ സംരക്ഷണത്തിനു ഉതകും-ഡോ.എലിസബത്ത് വിശദീകരിച്ചു. ഗുഹയുടെയും രചനകളുടെയും ശാസ്ത്രീയ സംരക്ഷണവുമായി ബന്ധപ്പെട്ട് ശില്‍പശാലയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സംസ്‌കാരിക വകുപ്പിന് കൈമാറുമെന്ന് അവര്‍ പറഞ്ഞു.
എടക്കല്‍ ഗുഹയ്ക്കും പദ്മനാഭപുരം കോട്ടാരത്തിനും ലോക പൈതൃക പദവി നേടിയെടുക്കുന്നതില്‍ കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരുടെ സജീവമായ ഇടപെടലും ഉറപ്പുവരുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു. ലോകത്തെ അത്യപൂര്‍വ പൈതൃക സമ്പത്തുകളിലൊന്നാണ് എടക്കലിലേതെന്ന് അദ്ദേഹം അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രിയായിരുന്നു ദേശീയ ശില്‍പശാലയുടെ ഉദ്ഘാടകനും.