രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് സോണിയ ഉദ്ഘാടനം ചെയ്യും

Posted on: August 28, 2013 12:32 am | Last updated: August 28, 2013 at 12:32 am
SHARE

തിരുവനന്തപുരം: കെ പി സി സിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ഉദ്ഘാടനം സെപ്തംബര്‍ ഏഴിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിര്‍വഹിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്നിനാണ് ഉദ്ഘാടന ചടങ്ങ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാം എന്ന സ്ഥലത്ത് അഞ്ചേക്കറിലാണ് ഇന്‍സ്റ്റിറ്റിയൂട്ട്്. 2010 മെയ് ഒമ്പതിന് കേന്ദ്രപ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 40,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഇന്‍സ്റ്റിറ്റിയൂട്ട് കോംപ്ലക്‌സ് നിര്‍മിച്ചിരിക്കുന്നത്. റിസര്‍ച്ച് സെന്റര്‍, ലൈബ്രറി, പെര്‍മനന്റ് ക്യാമ്പ് സൈറ്റ്, കണ്‍വന്‍ഷന്‍ സെന്റര്‍, ആര്‍ക്കൈ്‌വസ് ആന്‍ഡ് ഡോക്യുമെന്റേഷന്‍, ട്രെയിനിംഗ്, ഡെവലപ്‌മെന്റ് സ്റ്റഡീസ്, പബ്ലിക്കേഷന്‍ തുടങ്ങിയവയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രത്യേകത. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, പി പി തങ്കച്ചന്‍, പ്രൊഫ.പി ജെ കുര്യന്‍, സി വി പത്മരാജന്‍, തെന്നല ബാലകൃഷ്ണ പിള്ള, വി എം സുധീരന്‍, തലേക്കുന്നില്‍ ബഷീര്‍, ജി കാര്‍ത്തികേയന്‍, പ്രൊഫ. ജി ബാലചന്ദ്രന്‍, ഹിദുര്‍ മുഹമ്മദ് ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണച്ചുമതല. രമേശ് ചെന്നിത്തല ചെയര്‍മാനും ഹിദുര്‍ മുഹമ്മദ് ഡയറക്ടറുമാണ്. ഗവേണിംഗ്് ബോഡി, ഡോ.ജി മോഹന്‍ ഗോപാല്‍ ചെയര്‍മാനും ഡോ.ബി എ പ്രകാശ് വൈസ് ചെയര്‍മാനുമായ അക്കാദമിക് കമ്മിറ്റി, എട്ട് അസോസിയേറ്റ് പ്രൊഫസര്‍മാര്‍, ആറ് വിസിറ്റിംഗ്് പ്രൊഫസര്‍മാര്‍, എട്ട് ഓണററി പ്രൊഫസര്‍മാര്‍ എന്നിവര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ട്. സാമ്പത്തിക വികസന പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടായി ഇതിനെ മാറ്റുമെന്ന് ചെന്നിത്തല പറഞ്ഞു.