ബള്‍ഗേറിയയില്‍ മുന്‍ പ്രധാനമന്ത്രി പ്രായമേറിയ ഫുട്‌ബോളറായി

Posted on: August 27, 2013 10:58 am | Last updated: August 27, 2013 at 10:58 am
SHARE

boiko-borisovസോഫിയ(ബള്‍ഗേറിയ): പ്രധാനമന്ത്രിപ്പണിയൊക്കെ മതിയാക്കി മന്‍മോഹന്‍ സിംഗ് മോഹന്‍ബഗാന് വേണ്ടി ബൂട്ടുകെട്ടിയാലെങ്ങനെയിരിക്കും ! ഇതെന്താ വെള്ളരിക്കാപ്പട്ടണമോ എന്ന് തോന്നാന്‍ വരട്ടെ. ബള്‍ഗേറിയയില്‍ മുന്‍ പ്രധാനമന്ത്രി രാജ്യത്തെ ഏറ്റവും പ്രായമേറിയ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായി മാറിയിരിക്കുകയാണ്. അമ്പത്തിനാലുകാരനായ ബൊയ്‌കോ ബൊറിസോവാണ് ചരിത്രം കുറിച്ചിരിക്കുന്നത്. ബള്‍ഗേറിയന്‍ രണ്ടാം ഡിവിഷന്‍ ലീഗില്‍ വിതോഷ ബിസ്ട്രസക്കായി കളിക്കാനിറങ്ങിയതോടെയാണ് മുന്‍ പ്രധാനമന്ത്രിയായ ബൊറിസോവ് രാജ്യത്തെ പ്രായമേറിയ പ്രൊഫഷണല്‍ ഫുട്‌ബോളറായി മാറിയത്. റകോസ്‌കിക്കെതിരായ മത്സരം ഗോള്‍രഹിതമായി പിരിഞ്ഞു. മത്സരത്തിനിറങ്ങുമ്പോള്‍ ബൊറിസോവിന്റെ പ്രായം 54 വര്‍ഷം രണ്ട് മാസം പന്ത്രണ്ട് ദിവസം.സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ രാജ്യത്ത് പ്രതിഷേധം പടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങള്‍ ഒഴിഞ്ഞ ബൊറിസോവ് ഫുട്‌ബോളിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. പതിമൂന്നാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയ മുന്‍ പ്രധാനമന്ത്രിക്ക് ലോകോ മോട്ടീവ് സ്റ്റേഡിയത്തില്‍ കൈയ്യടി ലഭിച്ചു.