Connect with us

Kozhikode

ലഹരിവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

Published

|

Last Updated

വടകര: ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും വ്യാപകമായതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപ്രദേശങ്ങളില്‍ തുടക്കമായി. പരസ്യമായ മദ്യപാനവും പാന്‍മസാലയുടെ ഉപയോഗവും ഗ്രാമപ്രദേശങ്ങളിലടക്കം കഞ്ചാവ് വില്‍പ്പനയും ആരംഭിച്ചതോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
മലോല്‍മുക്ക്, ചോറോട് ഈസ്റ്റ്, കുരിക്കിലാട്, വൈക്കിലശ്ശേരി എന്നിവിടങ്ങളില്‍ പരസ്യമായ മദ്യപാനവും മദ്യവില്‍പ്പനയും വ്യാപകമാണ്. വൈക്കിലശ്ശേരി യു പി സ്‌കൂള്‍, ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി, ചോറോട് എല്‍ പി സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വില്‍പ്പനക്കാരുടെ താവളമായി മാറി. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്.
പോലീസ്, എക്‌സൈസ്, ആരോഗ്യ വിഭാഗം എന്നിവയുടെ സഹകരണത്തോടെ ലഹരിക്കെതിരെ നടപടി സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന കൂട്ടായ്മ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം മഠത്തില്‍ പുഷ്പ അധ്യക്ഷത വഹിച്ചു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രേം കൃഷ്ണ, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി മുഹമ്മദ്, വടകര എസ് ഐ. ബിനു തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കെ ജയേശ്വരി, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു, രോഹിണി, പ്രസാദ് വിലങ്ങില്‍, കെ എം ഭാസ്‌കരന്‍ പ്രസംഗിച്ചു.