ജസീറയുടെ സമരത്തിന് ഡാര്‍ളി അമ്മൂമ്മയുടെ ഐക്യദാര്‍ഢ്യം

Posted on: August 27, 2013 6:00 am | Last updated: August 27, 2013 at 6:49 am
SHARE

jaseeraതിരുവനന്തപുരം: മണല്‍ മാഫിയക്കെതിരെ സമരം ചെയ്യുന്ന ജസീറയെ കാണാന്‍ സെക്രട്ടേറിയറ്റ് പടിക്ക ല്‍ ഡാര്‍ളി അമ്മൂമ്മയെത്തി. മുത്തശ്ശിക്കഥ പറയാനായിരുന്നില്ല. മണലൂറ്റ് കാരണം വീടും പുരയിടവും ഒലിച്ചുപോയ ജീവിത കഥ പറഞ്ഞ് സമരത്തിന് ശക്തി പകരാന്‍. സംസ്ഥാനത്തിന്റെ രണ്ടറ്റത്ത് നിന്ന് എത്തിച്ചേര്‍ന്ന രണ്ട് പേര്‍ക്കും ഒരേ ലക്ഷ്യം. മണല്‍ മാഫിയക്കെതിരെ ശക്തമായ നിയമം നടപ്പിലാക്കുക.

കണ്ണൂരിലെ മാടായിയില്‍ നിന്നെത്തിയ ജസീറ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം ആരംഭിച്ചിട്ട് 26 ദിവസം പിന്നിട്ടു. കണ്ണൂര്‍ പഴയങ്ങാടി കടപ്പുറത്ത് നിന്ന് മണല്‍ വാരുന്നതിനെതിരെ കഴിഞ്ഞ ഒന്നര വര്‍ഷമായി സമരം നടത്തിവരുന്ന പോരാട്ട നായികയാണ് ജസീറ. കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ നിന്ന് സെക്രട്ടേറിയറ്റ് പടിക്കലേക്ക് ജസീറ സമരം മാറ്റുകയായിരുന്നു. കലക്‌ട്രേറ്റിന് മുന്നില്‍ നടന്ന സമരത്തിനൊടുവില്‍ പഴയങ്ങാടി കടപ്പുറത്ത് പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറായി. പക്ഷേ, ഔട്ട്‌പോസ്റ്റ് പ്രഹസനമായതിനെ തുടര്‍ന്ന് ജൂലൈ 25 മുതല്‍ കലക്ടറേറ്റിന് മുന്നിലേക്കും പിന്നെ സെക്രട്ടേറിയറ്റിന് മുന്നിലേക്കും സമരം മാറ്റി.

കടല്‍മണല്‍ കൊള്ളക്കെതിരെയുള്ള നിയമം നടപ്പിലാക്കാമെന്നും പഴയങ്ങാടി പോലീസ് ഔട്ട്‌പോസ്റ്റ് ശക്തമാക്കാമെന്നും മുഖ്യമന്ത്രി ജസീറക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം ഉത്തരവിടും വരെ സത്യഗ്രഹം തുടരുമെന്ന ഉറച്ച തീരുമാനത്തില്‍ നിലകൊള്ളുകയാണ് ജസീറ.
നെയ്യാറ്റിന്‍കര ഓലത്താന്നി കടവട്ടാരില്‍ നിന്നെത്തിയ ഡാര്‍ളി അമ്മൂമ്മക്ക് 78 വയസ്സുണ്ട്. ഇപ്പോള്‍ സര്‍ക്കാറിന്റെ വിമന്‍സ് വര്‍ക്കിംഗ് അസോസിയേഷന്‍ അഭയകേന്ദ്രത്തിലാണ് താമസം. മണല്‍മാഫിയ സംഘങ്ങളുടെ പുഴമണലൂറ്റലിനെതിരെ പടവെട്ടി താന്‍ കാത്തുസൂക്ഷിച്ച വീടും പുരയിടവും കഴിഞ്ഞ കാലവര്‍ഷത്തില്‍ ഒലിച്ചുപോയ സത്യം ഡാളി അമ്മൂമ്മക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
1983 മുതല്‍ നെയ്യാറിന്റെ കരയിലെ അനധികൃത മണലൂറ്റിനെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് ഇവര്‍. വീടും പത്ത് സെന്റ് സ്ഥലവും കൈക്കലാക്കാന്‍ മണല്‍ മാഫിയ ശ്രമിച്ചെങ്കിലും ഡാളി വിട്ടുകൊടുത്തില്ല. ഒടുവില്‍ മണലൂറ്റി വീടിന് ചുറ്റും കിടങ്ങായതോടെ ഡാര്‍ളി ഒറ്റപ്പെട്ടു. പുഴക്ക് നടുവിലൂടെയുള്ള ഒറ്റയടിപ്പാതയായിരുന്നു പുറം ലോകത്തെത്താനുള്ള ഏക വഴി. എന്നാല്‍ കഴിഞ്ഞയിടക്കുണ്ടായ അതിശക്തമായ കാലവര്‍ഷത്തില്‍ ഈ വഴിയും വീടും പുരയിടവും നെയ്യാര്‍ കവര്‍ന്നെടുത്തു. മണല്‍മാഫിയയെ സഹായിക്കുന്ന തരത്തിലുള്ള നിലപാടാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഉദ്യോഗസ്ഥരും സ്വീകരിച്ചിട്ടുള്ളതെന്ന് ഡാളി ആരോപിക്കുന്നു. വീടും സ്ഥലവും തിരികെ വേണമെന്നുള്ളതാണ് മുഖ്യ ആവശ്യം.
ഇന്നലെ ഡാര്‍ളി അമ്മൂമ്മ നടത്തിയത് സൂചനാ സമരമായിരുന്നു. ഡാര്‍ളി അമ്മൂമ്മക്കും ജസീറക്കും പിന്തുണ പ്രഖ്യാപിച്ച് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിന്ദുകൃഷ്ണ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയിരുന്നു.