Connect with us

Malappuram

ആധാര്‍ കാര്‍ഡിന് ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും

Published

|

Last Updated

വണ്ടൂര്‍: ഡാറ്റാ എന്‍ട്രിയിലെ തകരാറുകള്‍ കാരണം നിരവധി വിവരങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ ആധാര്‍ കാര്‍ഡിന് ജനങ്ങള്‍ മാസങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ആധാര്‍ കാര്‍ഡിലേക്ക് വിവരങ്ങള്‍ എന്റര്‍ ചെയ്തപ്പോള്‍ നിരവധി പേരുടെ വിവരങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. പ്രാദേശിക തലത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ആധാര്‍ കാര്‍ഡിനുള്ള വിവരങ്ങള്‍ ശേഖരിച്ചത്.
ഇന്റര്‍നെറ്റ് ബന്ധമില്ലാതെ ഓഫ്‌ലൈന്‍ ആയാണ് ഇവിടങ്ങളില്‍ ഡാറ്റാ എന്റര്‍ ചെയ്തത്. ഇവ പിന്നീടാണ് മെയിന്‍ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്തത്. ഇക്കാരണത്താല്‍ തങ്ങളുടെ വിവരങ്ങള്‍ യഥാവിധി മെയിന്‍സെര്‍വറിലേക്ക് നല്‍കിയോ എന്നുപോലും വിവര ദാതാക്കള്‍ക്ക് അറിയാന്‍ സാധിച്ചിട്ടില്ല.
നൂറുകണക്കിനാളുകളുടെ വിരലടയാളമുള്‍പ്പടെ ശരിയായ വിധം പതിഞ്ഞിട്ടുമില്ല. ഇപ്രകാരം വിരലടയാളവും കണ്ണുകളുടെ ചിത്രവും പതിയാത്തവരെ വീണ്ടും അക്ഷയ കേന്ദ്രങ്ങളിലേക്ക് വിളിച്ചുവരുത്തി ഫോട്ടോയെടുക്കുകയാണിപ്പോള്‍. ഡാറ്റാബേസിലേക്ക് യഥാസമയം വിവരങ്ങള്‍ അപലോഡ് ചെയ്ത് പ്രശ്‌നം പരിഹരിക്കാത്തതിനാല്‍ ജനങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുന്നതിനാലും വിവിധ അസൗകര്യങ്ങളാലും വിവരം നല്‍കാന്‍ തയ്യാറാകാത്തവരും ഏറെയുണ്ട്.
കൂടാതെ ഓഫ്‌ലൈനായി ഡാറ്റാഎന്‍ട്രി ചെയ്തതിനാല്‍ വിവരങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ക മ്പ്യൂട്ടറിന്റെ പ്രധാന മെമ്മറിയായ ഹാര്‍ഡ് ഡിസ്‌ക് തകരാര്‍ സംഭവിക്കുകയോ വിവരങ്ങള്‍ യഥാവിധി അപ്‌ലോഡ് ചെയ്‌തെന്ന് കരുതി കമ്പ്യൂട്ടറില്‍ നിന്ന് ഒഴിവാക്കിയാലും വിവരങ്ങള്‍ നഷ്ടപ്പെട്ടേക്കാം.
അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ എന്റര്‍ചെയ്ത ശേഷം മറ്റൊരു സൂക്ഷ്മ പരിശോധന നടത്താത്ത സ്ഥിതിവിശേഷമാണുള്ളത്. ഇക്കാരണത്താല്‍ ആധാര്‍ കാര്‍ഡുകളില്‍ തെറ്റുകളും വ്യാപകമാകുകയാണ്.

Latest