Connect with us

Articles

വിദ്വേഷ രാഷ്ട്രീയത്തിന്റെ വിളനിലം

Published

|

Last Updated

ഉഗ്രതാപമേറ്റു കിടക്കുന്ന കരിയിലകള്‍ തീ പിടിക്കുന്നതിന് മരച്ചില്ലകള്‍ ഉരസിയുള്ള തീപ്പൊരിയും മതിയാകും. അത് ചിലപ്പോള്‍ വന്‍ ജീവിനാശത്തിന് വഴിവെക്കുന്ന കാട്ടുതീക്ക് കാരണമാകും. അങ്ങനെ കത്തിയാളുന്ന തീ അണക്കുന്നതിന് പകരം അഗ്നിശമനസേനാംഗങ്ങള്‍ തീയിലേക്ക് എണ്ണ കോരിയൊഴിച്ചാലോ? ഈയൊരവസ്ഥയാണ് ജമ്മു കാശ്മീരിലെ ജമ്മുവിന്റെ അയല്‍ജില്ലയായ കിശ്ത്വാറില്‍ കണ്ടത്. എളുപ്പം ഒഴിവാക്കാമായിരുന്ന സംഘര്‍ഷത്തെ കൂടുതല്‍ തീവ്രമാക്കുകയായിരുന്നു ഇരു ഭാഗത്തെയും നേതാക്കള്‍. ഈ സംഭവത്തിലെ ഏക പ്രതി അവസരവാദ, വിദ്വേഷ് രാഷ്ട്രീയമാണ്. ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ 13 ദിവസത്തിനു ശേഷമാണ് പിന്‍വലിച്ചത്. രണ്ടാഴ്ചയോളം കിശ്ത്വാറിലെ ജനജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. വീടുകളില്‍ ഒതുങ്ങേണ്ട സ്ഥിതിയുണ്ടായി ജനങ്ങള്‍ക്ക്. അതേസമയം, ജമ്മു മേഖലയാകെ പടര്‍ന്നുപിടിക്കുമായിരുന്ന സംഘര്‍ഷം ഭരണകൂടങ്ങളുടെ അവസരോചിത ഇടപെടല്‍ മൂലം നിയന്ത്രിക്കാനായി.
ഈദുല്‍ഫിത്്വര്‍ ദിനത്തില്‍ മുസ്‌ലിംകള്‍ നടത്തിയ ഘോഷയാത്രയിലേക്ക് യുവാക്കള്‍ ബൈക്ക് ഓടിച്ചുകയറ്റിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രാഷ്ട്രീയ മൈലേജിന് വേണ്ടി തക്കം പാര്‍ത്തിരുന്ന നേതാക്കള്‍ ഇത് അവസരമായെടുത്തു; മുട്ടനാടുകളെ പരസ്പരം പോരടിപ്പിച്ച് ചോര കുടിച്ച കുറുക്കനെ പോലെ. കിശ്ത്വാര്‍ നഗരത്തില്‍ വ്യാപക കൊള്ളയും കൊള്ളിവെപ്പും നടമാടി. നഗരത്തിലുണ്ടായിട്ടും ഒന്നും ചെയ്യാതെ കണ്ടുരസിച്ച ആഭ്യന്തരമന്ത്രി സജ്ജാദ് കിച്ച്‌ലുവില്‍ നിന്ന് തുടങ്ങുന്നു അധികാരികളുടെ സ്വയംതത്പരതയുടെ കഥ. മുസ്‌ലിംകളുടെ കടകമ്പോളങ്ങള്‍ തീവെക്കുന്നത് കണ്ട് നോക്കിനില്‍ക്കുകയായിരുന്നു ഒരു കൂട്ടം പോലീസുകാര്‍. ഹിദ്‌യാന്‍ ചൗക്കില്‍ കച്ചവടം നടത്തുന്ന ഹാജി ഫഹീം ഇതിന്റെ ഇരയാണ്. അക്രമികള്‍ കണ്‍മുമ്പില്‍ വെച്ച് കട നശിപ്പിക്കുന്നത് പോലീസുകാരെ അറിയിച്ചിട്ടും അവര്‍ തിരഞ്ഞുനോക്കിയില്ല, സായുധരായ പോലീസ് സംഘം ആകാശത്തേക്ക് വെടിവെച്ചിരുന്നെങ്കില്‍ അംഗുലീപരിമിതരായ അക്രമികള്‍ ഓടിപ്പോകുമായിരുന്നു. അതേസമയം, ദാക് ബംഗ്ലാവില്‍ ഷൂ ഷോപ്പ് നടത്തുന്ന പ്രീതം ഗുപ്തക്കും സമാന അനുഭവമുണ്ടായി. ദാകില്‍ തമ്പടിച്ചിരുന്ന കിച്ച്‌ലുവിനെയും ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് സലീമിനെയും കണ്ട് വിവരം പറഞ്ഞെങ്കില്‍, വൈകുന്നേരം നാല് മണി വരെ തങ്ങളുടെയടുത്ത് ഇരുന്നോളാനായിരുന്നു മറുപടി. ഒരു ഹിന്ദു സഹോദരന്‍ വെടിയേറ്റ് മരിക്കുകയും പകരം മുസ്‌ലിമിനെ പച്ചക്ക് കത്തിക്കുകയും ചെയ്തു. ഇരുഭാഗത്തും കനത്ത നഷ്ടമുണ്ടാകുന്നത് രോഷം ഒഴുകിപ്പോകാന്‍ ഇടയാക്കുമെന്ന മോഡിയിസമാണ് ഇവര്‍ പയറ്റിയത് പക്ഷെ, അത് കൂടുതല്‍ സ്പര്‍ധക്കും മുറിവുകളുടെ ആഴം കൂടാനും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കുമെന്ന സാമാന്യ ബോധം ഇല്ലാതായിപ്പോയി എന്നുവേണം കരുതാന്‍.
ബി ജെ പിയും പരിവാര്‍ സംഘടനകളും വിഷയം കത്തിച്ചുനിര്‍ത്താന്‍ പല ശ്രമങ്ങളും നടത്തി. എന്നാല്‍, ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. വലതുപക്ഷ മാധ്യമങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുമെന്നുള്ളതു കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒന്നാകെയും നഗരത്തിലേക്ക് പ്രവേശം നിഷേധിച്ചു. ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യങ്ങള്‍ ബ്ലോക്ക് ചെയ്തു. കിശ്ത്വാറിലേക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയെ ജമ്മു വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു. പുറമെനിന്നുള്ള നേതാക്കള്‍ കിശ്ത്വാറില്‍ കാല് കുത്തിയാല്‍ അക്രമികള്‍ക്ക് അത് ഊര്‍ജം പകരുമെന്നുള്ളതു കൊണ്ടാകണം അത്തരമൊരു തീരുമാനം. പ്രത്യേകിച്ച് രാഷ്ട്രീയരംഗത്ത് മുഖം രക്ഷിക്കാനും പരമാവധി ഊര്‍ജം സംഭരിക്കാനുമുള്ള ബി ജെ പി ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അവസരത്തില്‍, ജയ്റ്റ്‌ലി അവിടെയെത്തിയാല്‍ അത് വിടവുകള്‍ വലുതാകാനേ ഉപകരിക്കൂ. പാര്‍ലിമെന്റില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാറിനെ ഒറ്റതിരിച്ച് ആക്രമിച്ച് കിശ്ത്വാര്‍ ആയുധമാക്കാനുള്ള ബി ജെ പിയുടെ നീക്കത്തിന് സര്‍ക്കാര്‍ പ്രതിരോധ മറ സൃഷ്ടിച്ചു. 1990 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി പി ചിദംബരം തന്നെ പ്രസ്താവന നടത്തി. കാശ്മീര്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷം കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കിശ്ത്വാറിന്റെ അടിസ്ഥാന സ്വഭാവം മതസൗഹാര്‍ദവും മൈത്രിയുമാണ്. ഹിന്ദുക്കളും മുസ്‌ലിംകളും വളരെ ഐക്യത്തോടെയും ഒത്തൊരുമയോടെയുമാണ് ജീവിച്ചുപോരുന്നത്. ഹസ്രത് ഷാ ഫരീദുദ്ദീന്‍ ബഗ്ദാദിയെന്ന സൂഫിവര്യന്റെ ആത്മീയ നേതൃത്വം തങ്ങള്‍ക്കുണ്ടെന്ന് കിശ്ത്വാറുകാര്‍ വിശ്വസിക്കുന്നു. മതഭേദമന്യെ എല്ലാവരും അദ്ദേഹത്തിന്റെ മഖ്ബറ സന്ദര്‍ശിക്കുന്നു. അദ്ദേഹത്തിന്റെ മകന്‍ ഹസ്രത് ഷാ അസറുദ്ദീന്‍ ബഗ്ദാദിയും വലിയ ആത്മജ്ഞാനിയായിരുന്നു. ഇദ്ദേഹം തന്റെ അമുസ്‌ലിമായ സുഹൃത്തിനെ അത്യാപത്തില്‍ നിന്ന് രക്ഷിച്ച സാഹസിക കഥ കിശ്ത്വാറുകാര്‍ തലമുറകള്‍ കൈമാറി വരുന്നതാണ്. ജില്ലയുടെ വികസനത്തിനും ഉന്നമനത്തിനും വേണ്ടി സമരരംഗത്തിറങ്ങി രക്തസാക്ഷികളായ വിദ്യാര്‍ഥികളുടെ സ്മരണ ഇവര്‍ വര്‍ഷാവര്‍ഷം വിപുലമായി പുതുക്കുന്നു. 1980കളില്‍ നടന്ന പ്രക്ഷോഭത്തില്‍ അഞ്ച് വിദ്യാര്‍ഥികളാണ് മരിച്ചത്. എന്നാല്‍, 1990കളിലെ തീവ്രവാദികളുടെ സാന്നിധ്യവും അതുവഴി ഉണ്ടായ വില്ലേജ് ഡിഫന്‍സ് കമ്മിറ്റിയുമാണ് വേര്‍തിരിവിന്റെ വിത്തുകള്‍ വിതച്ചത്. കിശ്ത്വാറിലെ കൂറ്റന്‍ മലനിരകളും ജനവാസമില്ലാത്ത കുന്നുകളും ദുസ്സഹമായ വഴികളും തീവ്രവാദികള്‍ക്ക് ഗുണകരമായി. അതുവഴി ഗ്രാമീണര്‍ക്കിടയില്‍ ഛിദ്രമുണ്ടാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടന്നു. തിരഞ്ഞുപിടിച്ച് കൊല്ലുകയെന്ന പ്രവണത ഉടലെടുക്കുകയും ഒരു വിഭാഗം ഗ്രാമീണര്‍ ആയുധം കൈയിലേന്തുകയും ചെയ്തു. ഹിന്ദുക്കളുടെ വില്ലേജ് ഡിഫന്‍സ് കമ്മിറ്റി അങ്ങനെയാണ് ഉടലെടുത്തത്. ഇതിനെ തുടര്‍ന്നും പരസ്പര സംശയവും അസ്വസ്ഥതയും ഉണ്ടായി. തമസ്സിന്റെ ശക്തികള്‍ വന്‍ വിളവാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ജനങ്ങളുടെ ആത്മസംയമനവും തിരിച്ചറിവും വിളവിനെ നന്നേ ബാധിച്ചു. 1993, 1996, 2001, 2003, 2008 കാലയളവില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും ആസുരശക്തികള്‍ നിനച്ചത് പോലെ ആയില്ല. ഇത്തരം സംഘര്‍ഷങ്ങള്‍ വോട്ടുപെട്ടിയുടെ കനം കൂട്ടാനും സംഘടനയുടെയും പാര്‍ട്ടിയുടെയും വേരുറപ്പിക്കാനുമായിരുന്നു.
ഈയടുത്ത് സംഘര്‍ഷമുണ്ടായപ്പോഴും മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് താമസിക്കുന്ന ഹിന്ദു മഹാജന്‍ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തത് അയല്‍വാസികളായ മുസ്‌ലിംകളായിരുന്നു. വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും എല്ലാവരും പങ്കെടുക്കുന്നു. നഗരം സംഘര്‍ഷം മൂലം കത്തിയെരിയുമ്പോഴും ഹൃദ്യമായ ബന്ധത്തിന്റെ ചരട് അഴിയാതെ സൂക്ഷിച്ച അനുഭവമാണ് ഡോ. ആശിശ് ശര്‍മക്കുള്ളത്. ശര്‍മയുടെ വിവാഹം നടക്കേണ്ട സമയത്താണ് പ്രശ്‌നങ്ങളുണ്ടായത്. കാശ്മീരി ഹിന്ദുകള്‍ക്കിടയില്‍ മരണം നടന്നാലും വിവാഹം മാറ്റിവെക്കാത്ത ആചാരമുണ്ട്. ഇക്കാര്യം ശര്‍മയുടെ കുടുംബം പണ്ഡിറ്റുകളെ അറിയിച്ചെങ്കിലും അവര്‍ തയ്യാറായില്ല. എന്നാല്‍, വിവാഹം നടത്താന്‍ അയല്‍വാസികളായ മുസ്‌ലിംകള്‍ തീരുമാനിച്ചു. ഇവരുടെ ഒത്തൊരുമ കണ്ട് കണ്ണ് തള്ളിപ്പോയ ഛിദ്രശക്തികള്‍ പിന്‍വാങ്ങുകയായിരുന്നു.
ആകയാല്‍, പാവപ്പെട്ട ജനങ്ങളുടെ വികാരത്തെ ചൂഷണം ചെയ്യാന്‍, അത് പണയം വെച്ച് പണം കൊയ്യാന്‍, തത്പര കക്ഷികള്‍ എന്നും എവിടെയും ശ്രമിക്കുന്നുണ്ട്. കിശ്ത്വാറില്‍ തന്നെ വളരെ പ്രാദേശികമായ ഒരു വിഷയമാണ് ജില്ലയാകെ പടര്‍ന്നത്. അത് സംസ്ഥാനമാകെയും പിന്നീട് രാഷ്ട്രമാകെയും പടര്‍ന്നുപിടിക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സര്‍ക്കാറുകളുടെ സമയോചിത ഇടപെടല്‍ കൊണ്ടായി. ഇത്തരത്തിലുള്ള തര്‍ക്കങ്ങളും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും എത്രയും പെട്ടെന്ന് തീര്‍ക്കുന്നതിന് പകരം അത് സമയ, ദേശ അതിര്‍ത്തികള്‍ ലംഘിക്കുന്നത് വന്‍നാശനഷ്ടമാണ് ഉണ്ടാക്കുക. അതില്‍ മാരകമായിട്ടുള്ളത് മാനസിക അകലം തന്നെയാണ്. മതവികാരങ്ങളുടെ പേരിലാകുമ്പോള്‍ ആ അകലം കൂടുന്നു. വോട്ട്‌ബേങ്ക് രാഷ്ട്രീയം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നവരാണ് ഇതിലെ പ്രതികള്‍. രാഷ്ട്രീയ അസ്തിത്വത്തിനും മുന്നോട്ടുകുതിപ്പിനും വേണ്ടിയുള്ള അത്തരം ശ്രമങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അവരെ ഒറ്റപ്പെടുത്തുകയും വ്രണങ്ങള്‍ ഉണക്കാന്‍ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും വേണ്ടിയിരിക്കുന്നു. ഇനിയും കിശ്ത്വാറുകള്‍ രാജ്യത്തെവിടെയും ആവര്‍ത്തിക്കാതിരിക്കാന്‍, വിശിഷ്യാ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ പക്വത പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു.

kabeerthiruvambady@gmail.com