Connect with us

National

ജഗന്‍ ജയിലില്‍ നിരാഹാരമാരംഭിച്ചു

Published

|

Last Updated

ഹൈദരാബാദ്: ഐക്യ ആന്ധ്രാ പ്രക്ഷോഭത്തിന്റെ ഭാഗമായി, വൈ എസ് ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഢി ചഞ്ചല്‍ഗുഡ ജയിലില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചഞ്ചല്‍ഗുഡ ജയിലില്‍ കഴിയുകയാണ് ജഗന്‍. ഇത്തരം സമരത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നും പ്രത്യേക സമ്മതം വാങ്ങിയിട്ടില്ലെന്നും ജയിലധികൃതര്‍ പറഞ്ഞു. 24 മണിക്കൂറിനകം ഇക്കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കുമെന്ന് അവര്‍ വ്യക്തമാക്കി.
നിരാഹാരം തുടരുകയാണെങ്കില്‍ അദ്ദേഹത്തിന് സന്ദര്‍ശകരെ അനുവദിക്കുന്നത് പൂര്‍ണമായി വിലക്കും. ഇപ്പോള്‍ ജയിലില്‍ ജഗന്‍ അനുഭവിക്കുന്ന പല ഇളവുകളും അവസാനിപ്പിക്കുമെന്നും അവര്‍ ഭീഷണി മുഴക്കുന്നു. ആന്ധ്രാ വിഭജനത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ജഗന്റെ മാതാവ് വൈ എസ് വിജയമ്മ ശനിയാഴ്ച നിരാഹാരമനുഷ്ഠിച്ചിരുന്നു. ഗുണ്ടൂരില്‍ നടന്ന നിരാഹാര സമരം പോലീസ് നിര്‍ബന്ധിച്ച് അവസാനിപ്പിക്കുകയായിരുന്നു. ഇതിന് പിറകേയാണ് ജഗന്‍ നിരാഹാരം ഏറ്റെടുത്തിരിക്കുന്നത്. തുല്യ നീതിക്കായുള്ള ജനങ്ങളുടെ അവകാശത്തിന് നിരക്കാത്തതാണ് വിഭജനമെന്ന് വിജയമ്മ പറഞ്ഞു.
കഡപ്പയില്‍ നിന്നുള്ള എം പിയായ ജഗന്‍ മോഹന്‍ റെഡ്ഢി കഴിഞ്ഞ ദിവസം തന്റെ രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ക്ക് അയച്ചു കൊടുത്തിരുന്നു. വൈ എസ് ആര്‍ കോണ്‍ഗ്രസിലെ മറ്റൊരു എം പി. എം രാജമോഹന്‍ റെഡ്ഢിയും രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. വിജയമ്മയടക്കം പാര്‍ട്ടിയുടെ 17 എം എല്‍ എമാരും രാജിക്കത്ത് നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest