Connect with us

Editorial

കൊലയാളികള്‍ക്ക് പരിരക്ഷ നല്‍കരുത്

Published

|

Last Updated

കൊലക്കേസ് പ്രതികള്‍ക്ക് നയതന്ത്ര പരിരക്ഷയോ?. കൊല്ലം നീണ്ടകരക്കടുത്ത് കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലെ പ്രതികള്‍ക്കാണ് ഈ സൗഭാഗ്യം കൈവരുന്നത്. ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ സാല്‍വത്തോറെ ജിറോണ്‍, മാസിമിലിയാനോ ലാത്തോര്‍ എന്നിവരെയാണ് ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ നിയമിച്ചിരിക്കുന്നത്. എംബസിയിലെ ഡിഫന്‍സ് അറ്റാഷെയായ ഫ്രാന്‍കോ ഫാഖ്‌റിന്റെ മിലിട്ടറി അസിസ്റ്റന്റുമാരായാണ് ഇവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാറിനേയും സുപ്രീം കോടതിയേയും വെല്ലുവിളിച്ച് ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോയ നാവികര്‍, തങ്ങള്‍ ഇനി ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന് പരസ്യമായി വെല്ലുവിളിച്ചിരുന്നു. നാവികരുടെ ധാര്‍ഷ്ട്യത്തിന് ഇറ്റാലിയന്‍ സര്‍ക്കാറും കലവറയില്ലാതെ പിന്തുണ പ്രഖ്യാപിച്ചു. അതിനിടയില്‍ ഇറ്റാലിയന്‍ മന്ത്രിമാര്‍ ഇന്ത്യയിലേക്ക് നിരന്തരം ഷട്ടിലടിച്ചു. ഇന്ത്യന്‍ സര്‍ക്കാറിനും സുപ്രീം കോടതിക്കും നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തിയായിരുന്നു ഈ വെല്ലുവിളി. വ്യാപാര വാണിജ്യ ബന്ധങ്ങളും ആയുധ ഇടപാടുകളും പുനഃപരിഗണനക്ക് വിധേയമാക്കുമെന്ന മുന്നറിയിപ്പ് നല്‍കിയപ്പോഴാണ് ഇറ്റാലിയന്‍ സര്‍ക്കാറിന് വീണ്ടുവിചാരമുണ്ടായത്. അതിനിടയില്‍, രണ്ട് മത്സ്യത്തൊഴിലാളികളെ കൊല ചെയ്ത കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷയോ മറ്റു കടുത്ത ശിക്ഷകളോ നല്‍കില്ലെന്ന ഉറപ്പ് ഇന്ത്യന്‍ അധികൃതരില്‍ നിന്ന് ഇറ്റലി നേടിയെടുത്തിരുന്നു എന്നാണ് വിവരം.
വി വി ഐ പി ഹെലികോപ്റ്റര്‍ അടക്കമുള്ള സൈനിക സാമഗ്രികള്‍ക്കുള്ള ഇടപാട് ഉറപ്പിക്കാന്‍ ഇറ്റാലിയന്‍ കമ്പനി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റും കോടികള്‍ കോഴ നല്‍കിയെന്ന വിവാദം കത്തിനില്‍ക്കുന്ന അവസരമായതിനാല്‍ മാത്രമാണ് ഇറ്റാലിയന്‍ നാവികരുടെയും ഇറ്റാലിയന്‍ സര്‍ക്കാറിന്റെയും മുഷ്‌ക്കില്‍ അല്‍പ്പം അയവ് വന്നത്. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ചത് ഇന്ത്യന്‍ ജലാതിര്‍ത്തിയിലല്ലെന്നും അതിനാല്‍ കേസ് വിചാരണ ചെയ്യാന്‍ ഇന്ത്യന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നുമുള്ള നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് ഇറ്റലി. ഈ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യുടെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്നാണ് വിവരം. അപ്പോഴാണ് കേസില്‍ സാക്ഷികളായി വിസ്തരിക്കേണ്ട നാല് നാവികരെ കേരളത്തിലേക്ക് അയക്കില്ലെന്ന ഇറ്റലിയുടെനിലപാട്. “എന്‍ ഐ എ വേണമെങ്കില്‍ ഇറ്റലിയില്‍ വന്ന് നാവികരുടെ മൊഴി എടുക്കട്ടെ. അതല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സാക്ഷിമൊഴി രേഖപ്പെടുത്തട്ടെ” എന്നാണ് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി മരിയോ മൗറോ പ്രതികരിച്ചത്. രഹസ്യ സ്വഭാവമുള്ള ജോലിയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതിനാല്‍ സാക്ഷികളായ നാല് നാവികരേയും രാജ്യത്തിന് പുറത്തേക്ക് അയക്കാനാകില്ലെന്ന് ഇറ്റലി ഔദ്യോഗികമായി തന്നെ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ സാക്ഷിവിസ്താരവും മറ്റും അത്ര എളുപ്പം നടക്കില്ലെന്ന് സാരം. അതിനിടയിലാണ് കൊലക്കേസ് പ്രതികളായ രണ്ട് നാവികരെ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ നയതന്ത്ര പരിഗണന ലഭിക്കുന്ന തസ്തികയില്‍ നിയമിച്ചിരിക്കുന്നത്. ഈ നടപടി ഇന്ത്യയെ സംബന്ധിച്ച് നാണക്കേടാണ്. തങ്ങള്‍ തീരുമാനിക്കുന്നവിധം കാര്യങ്ങള്‍ നടത്താനറിയാമെന്ന വ്യക്തമായ സൂചനയാണ് ഇറ്റലി നല്‍കുന്നത്. സ്വന്തം പ്രജകള്‍ക്ക് ലഭിക്കാത്ത പ്രത്യേക പരിഗണന, ഇന്ത്യയില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നു എന്ന വസ്തുത ആരേയും അമ്പരപ്പിക്കുന്നതാണ്.
കൊലക്കുറ്റത്തിന് രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ശക്തമായ നടപടികളുമായി ഇന്ത്യനധികൃതര്‍ മുന്നോട്ട് പേകുമ്പോഴും ഇറ്റലി കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. വെടിയേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്ക് വന്‍ തുക നഷ്ടപരിഹാരമായി നല്‍കാന്‍ അവര്‍ തയ്യാറായി. തങ്ങള്‍ ഉദ്ദേശിക്കുന്ന നിലയില്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ നടത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇറ്റാലിയന്‍ അധികൃതര്‍. ഇതിനുള്ള തന്ത്രങ്ങള്‍ അവര്‍ നന്നായി പയറ്റുന്നുമുണ്ട്. പ്രതിരോധ മന്ത്രി മരിയോ മൗറോയും വിദേശകാര്യമന്ത്രി എമ്മ ബൊനിനൊയും ഈ കേസിന്റെ കാര്യത്തില്‍ ഇന്ത്യയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സാക്ഷിപ്പട്ടികയിലുള്ള നാല് ഇറ്റാലിയന്‍ നാവികരെ ചോദ്യം ചെയ്യാതെ തന്നെ ഇന്ത്യ അന്വേഷണം പൂര്‍ത്തിയാക്കട്ടെ എന്നാണ് ബൊനിനൊ പരസ്യമായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും ബൊനിനൊ ചര്‍ച്ച നടത്തിയിട്ടുണ്ട്. കേസന്വേഷണവുമായി ഇറ്റലി സഹകരിച്ചാല്‍ കോടതിനടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനാകും. ഈ സാഹചര്യത്തില്‍ ഇതിനാകണം ഇന്ത്യയും ഇറ്റലിയും ശ്രമിക്കേണ്ടത്. അതേസമയം, നീതിപീഠമടക്കമുള്ള ഇന്ത്യന്‍ സംവിധാനങ്ങളെ അവമതിക്കാന്‍ ഇറ്റലിയെയെന്നല്ല ഒരു രാജ്യത്തേയും അനുവദിക്കരുത്. കൊലക്കേസ് പ്രതികളെ നയതന്ത്ര പരിരക്ഷ നല്‍കി സംരക്ഷിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പറയാതിരിക്കാനാകില്ല.