മഞ്ചേരിയില്‍ കാര്യം സാധിക്കാന്‍ യാത്രക്കാരുടെ നെട്ടോട്ടം

Posted on: August 24, 2013 1:44 am | Last updated: August 24, 2013 at 1:44 am
SHARE

മഞ്ചേരി: പൊതു ടോയ്‌ലറ്റുകളുടെ അപര്യാപ്തത മൂലം സ്ത്രീകള്‍ ഉള്‍പ്പെടെ മഞ്ചേരി ടൗണിലെത്തുന്ന ജനം കാര്യം സാധിക്കാന്‍ നെട്ടോട്ടമോടുന്നു. വിദ്യാലയങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, തൊഴിലെടുക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ടോയ്‌ലറ്റുകളുടെ അഭാവം സ്ത്രീകളെ വലക്കുന്നുണ്ട്.
മഞ്ചേരി പഴയ സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ വൃത്തിയുള്ള ടോയ്‌ലറ്റിന്റെ അഭാവം കാരണം പ്രയാസപ്പെടുന്നത് പതിവ് കാഴ്ചയാണ്. മഞ്ചേരിയില്‍ രണ്ടായിരത്തിനും നാലായിരത്തിനുമിടയില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇന്റര്‍വെല്‍ സമയത്ത് ടോയ്‌ലെറ്റില്‍ പോകാന്‍ കഴിയുന്നത് പത്ത് ശതമാനം കുട്ടികള്‍ മാത്രമാണ്. ബസ് സ്റ്റാന്‍ഡിലെയും വിദ്യാലയങ്ങളിലെയും മൂത്രപ്പുരകള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ്.
പഴയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ദുരുപയോഗം ചെയ്യുന്ന സംഭവം നിരവധിയുണ്ടായിട്ടുണ്ട്. ജനറല്‍ ആശുപത്രിയില്‍ ദിനംപ്രതി രണ്ടായിരത്തിലധികം രോഗികള്‍ വന്നുപോകുന്നുണ്ട്.
എന്നാല്‍ ടോയ്‌ലറ്റുകള്‍ക്ക് പലതിനും വാതിലുകളില്ലാത്തതിനാല്‍ ഉപയോഗ ശ്യൂന്യമായി കിടക്കുകയാണ്. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ കാര്യാലയങ്ങളും കോടതികളും പ്രവര്‍ത്തിക്കുന്ന കച്ചേരിപ്പടിയില്‍ പൊതുടോയ്‌ലറ്റിന്റെ അഭാവം ഇവിടെയെത്തുന്നവര്‍ക്ക് ഏറെ ദുരിതമായിട്ടുണ്ട്. ദിവസവും നൂറുകണക്കിനാളുകള്‍ വന്നുപോകുന്ന കച്ചേരിപ്പടിയില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നഗരസഭയോ സര്‍ക്കാരോ പൊതുജനങ്ങളോ തയ്യാറായിട്ടില്ല. പണം കൊടുത്ത് ഉപയോഗിക്കുന്ന ശൗച്യാലയങ്ങളുടെ സ്ഥിതി ദയനീയമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കംഫര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.