Connect with us

Malappuram

കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന സംഭവം; വനംവകുപ്പിനുള്ളില്‍ ഭിന്നാഭിപ്രായം

Published

|

Last Updated

നിലമ്പൂര്‍: കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വനം വകുപ്പിനുള്ളില്‍ ഭിന്നസ്വരം. തുടര്‍ ദിവസങ്ങളില്‍ നിലമ്പൂര്‍ ജോലി ചെയ്യാന്‍ പ്രയാസമാകുമെന്നാണ് വനംവകുപ്പിലെ ഒരു വിഭാഗം പറയുന്നത്. കാട്ടുപോത്തിനെ വെടിവെച്ചുകൊന്നത് ധൃതിപിടിച്ചുള്ള തീരുമാനമായെന്ന ആക്ഷേപവുമായി പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി. പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് വെടിവെക്കാന്‍ ഉത്തരവ് നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി ഗോപിനാഥ് പറഞ്ഞു. കരുളായി, എരുമമുണ്ട, കരുവാരക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ മുമ്പ് കാട്ടാനകളുടെ ശല്യമുണ്ടായപ്പോള്‍ കാണിക്കാത്ത ധൃതിയാണ് കാട്ടുപോത്തിനെ വെടിവെക്കാന്‍ കാണിച്ചതെന്നാണ് ഇതുസംബന്ധിച്ചുള്ള ആക്ഷേപം. ആദ്യദിവസം കാട്ടുപോത്ത്, കാളികാവിലും സമീപപ്രദേശങ്ങളിലും ഇറങ്ങിയപ്പോള്‍ തന്നെ ഇതിനെ കാട്ടിലേക്ക് കയറ്റി വിടാന്‍ നടപടിയുണ്ടാകണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട ഡി എഫ് ഒയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടാകാതെ വന്നതാണ് വെടിവെച്ചുകൊല്ലാന്‍ ഇടയാക്കിയതെന്ന് ഇവര്‍ പറയുന്നു.
കാട്ടുപന്നിയെ വെടിവെക്കാന്‍ സര്‍ക്കാരിറക്കിയ നിയമത്തിലെ നൂലാമാലകള്‍ മൂലം ഉത്തരവിറങ്ങി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഒരു പന്നിയെ പോലും വെടിവെക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. കൃഷിനാശം രൂക്ഷമായ സാഹചര്യത്തില്‍ പന്നിയെ വെടിവെച്ച പല കര്‍ഷകര്‍ക്കും ജയിലില്‍ കിടക്കേണ്ട ഗതികേടുണ്ടായി. വനംവകുപ്പിന്റെ നിയമങ്ങള്‍ ഇത്തരത്തില്‍ കര്‍ശനമായി തന്നെ തുടരുമ്പോഴാണ് കാട്ടുപോത്തിനെ വനത്തിലേക്ക് തിരിച്ചുവിടാന്‍ അവസരമൊരുക്കാതെ ധൃതി പിടിച്ച് വെടിവെച്ച് വീഴ്ത്തിയതെന്നും ആക്ഷേപമുള്ളവര്‍ വാദിക്കുന്നു. വന്യജീവി നിയമത്തിന്റെ പഴുതുകള്‍ ചൂണ്ടികാട്ടി ഷെഡ്യൂള്‍ ഒന്നില്‍ പെട്ട കാത്തുപോത്തിനെ വെടിവെച്ചുകൊന്ന വനംവകുപ്പിന്റെ നടപടിയെ പരിസ്ഥിതി വാദികള്‍ കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.

Latest