ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം സ്വരൂപിച്ച് രൂപയാക്കി മാറ്റുന്നു

Posted on: August 23, 2013 7:04 pm | Last updated: August 23, 2013 at 7:04 pm
SHARE

ദുബൈ: ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 65 ന് മുകളില്‍ എത്തിയ സാഹചര്യത്തില്‍ പരമാവധി പണം മികച്ച വിനിമയ നിരക്കില്‍ നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് പ്രവാസലോകം. പലരും ക്രെഡിറ്റ് കാര്‍ഡില്‍ നിന്നു പോലും പണം പിന്‍വലിച്ച് നാട്ടിലേക്ക് അയക്കുന്ന പ്രവണതയുണ്ട്.
അതേസമസം, നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം മികച്ച വിനിമയ നിരക്ക് നിലനില്‍ക്കുമ്പോള്‍ നാട്ടിലേക്ക് അയക്കാന്‍ ആവശ്യമായ പണം കൈവശമില്ല എന്നതാണ്. ശമ്പളത്തിലൂടെയും മറ്റും പണം കൈയിലെത്തുമ്പോഴേക്കും മികച്ച വിനിമയ നിരക്ക് നിലനില്‍ക്കുമെന്ന ഉറപ്പില്ല. ദുബൈ ഗോള്‍ഡ് ആന്‍ഡ് കമ്മോഡിറ്റി എക്‌സ്‌ചേഞ്ചി (ഡി ജി സി എക്‌സ്) ലൂടെ, പ്രവാസികള്‍ക്ക് തുച്ഛമായ മാര്‍ജിന്‍ മാത്രം അടച്ച് മികച്ച വിനിമയ നിരക്ക് ബുക്ക് ചെയ്യാവുന്ന സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജെ ആര്‍ ജി ഇന്റര്‍നാഷനല്‍ സി ഇ ഒ സജിത് കുമാര്‍ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ 300 മുതല്‍ 500 വരെ മാത്രം ദിര്‍ഹം മാര്‍ജിനായി നല്‍കി രണ്ട് ലക്ഷം രൂപ വരെ മികച്ച വിനിമയ നിരക്കില്‍ ബുക്ക് ചെയ്യാനാകും. ദുബൈ ഗവണ്‍മെന്റ് ഒരുക്കിയിരിക്കുന്ന ഈ സേവനത്തിലൂടെ കുറഞ്ഞത് രണ്ടു ലക്ഷമോ അതിന്റെ ഗുണിതങ്ങളിലുള്ളതോ ആയ സംഖ്യ മികച്ച വിനിമയ നിരക്കില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.
നിലവില്‍ നാട്ടിലേക്ക് അയക്കുവാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പണവും കൈയിലില്ലെങ്കില്‍ പോലും മികച്ച വിനിമയ നിരക്ക് നഷ്ടമാകുമെന്ന ആശങ്ക ഇനി പ്രവാസികള്‍ക്കു വേണ്ട. അയക്കാന്‍ ആഗ്രഹിക്കുന്ന പണം കൈയിലെത്തുന്ന കാലയളവു വരെ മികച്ച റേറ്റില്‍ നടത്തിയ ബുക്കിംഗ് തുടര്‍ന്നു കൊണ്ടുപോകാനുള്ള സൗകര്യവും ഡി ജി സി എക്‌സ് ഒരുക്കിയിട്ടുണ്ട്. ഒരു മാസം മുതല്‍ മാസങ്ങളോളം ഈ സേവനം ഉപയോഗപ്പെടുത്താം.
പ്രവാസികള്‍ ഡി ജി സി എക്‌സ് വഴി ബുക്ക് ചെയ്ത വിനിമയ നിരക്കില്‍ നിന്നും രൂപയുടെ മൂല്യം വര്‍ധിക്കുന്നതു വഴിയുണ്ടാകുന്ന വിനിമയ വ്യതിയാനം ഡി ജി സി എക്‌സ് വഴി ലാഭമായി ലഭിക്കുന്നതാണ്. ഇതിലൂടെ രൂപയുടെ മൂല്യം ഉയര്‍ന്നു പോയാലും പ്രവാസികള്‍ക്ക് മികച്ച വിനിമയ നിരക്കിന്റെ ആനുകൂല്യം നഷ്ടമാകുന്നില്ല. ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് ഡി ജി സി എക്‌സ് വഴി ഇത്തരത്തിലൊരു സേവനം പ്രവാസികള്‍ക്കു ലഭ്യമാകുന്നതെന്നും സജിത് കുമാര്‍ പറഞ്ഞു.