താനൂര്‍ ഗവ. കോളജ്: മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

Posted on: August 23, 2013 7:56 am | Last updated: August 23, 2013 at 9:53 am
SHARE

താനൂര്‍: താനൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഇന്ന് നാടിന് സമര്‍പ്പിക്കും. സഫലമാകുന്നത് നാടിന്റെ ചിരകാല സ്വപ്‌നമാണ്. പടിഞ്ഞാറന്‍ മേഖലയില്‍ പരമ്പരാഗത മത്സ്യതൊഴിലാളികളും കിഴക്കന്‍ മേഖലയില്‍ കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന താനൂരിന്റെ ചിരകാല അഭിലാഷമാണ് ഒരു സര്‍ക്കാര്‍ കോളജ്. വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്‍ക്കുന്ന മേഖലയുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തോടെയാണ് ചൂടുപിടിക്കുന്നത്.
വിവിധ സംഘടനകളുടെ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ മേഖലയില്‍ തന്നെ കോളജ് ആരംഭിക്കാന്‍ തീരുമാനമായത്. താനൂര്‍ ഫിഷറീസ് ഗ്രൗണ്ടിനോട് ചേര്‍ന്ന് പദ്ധതിക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പിന് കീഴിലെ കെ പുരം ഐ ടി ഐയിലാണ് താല്‍ക്കാലികമായി ക്ലാസുകള്‍ ആരംഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രയെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വവുമായി ബന്ധപ്പെട്ട് മൂന്ന് തവണ മാറ്റിവെച്ച കോളജിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. താനൂര്‍ ജംഗ്ഷന് സമീപം തയ്യാറാക്കിയ പ്രത്യേക വേദിയില്‍ രാവിലെ 10ന് ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി എ പി അനില്‍കുമാര്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി എന്നിവര്‍ മുഖ്യാതിഥികളാകും.
തിരഞ്ഞെടുക്കപ്പെട്ട ആദ്യ വിദ്യാര്‍ഥിക്ക് ചടങ്ങില്‍ പ്രവേശനം നല്‍കും. പരിപാടിക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം പി അഷ്‌റഫ്, കോളജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി പി ബാബു പങ്കെടുത്തു.