Connect with us

Thrissur

ലാല്‍ജി വധം: നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലാല്‍ജി കൊള്ളന്നൂരിനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതൂര്‍ക്കര സ്വദേശികളായ കൊട്ടപ്പുറത്ത് വൈശാഖ്(24), ഓടം പറമ്പില്‍ റിജീഷ്(33), അയ്യന്തോള്‍ പന്നിയങ്കര വാരണത്ത് രവികുമാര്‍(38), ഈച്ചരത്ത് രാജേഷ്(26)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈശാഖും പ്രജീഷുമാണ് കേസിലെ മുഖ്യ പ്രതികളെന്ന് പോലീസ് പറഞ്ഞു. ഇവരാണ് കഴിഞ്ഞ 16ന് ബൈക്കിലെത്തി ലാല്‍ജിയെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടര മാസം മുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അയ്യന്തോള്‍ സ്വദേശി ഈച്ചരത്ത് മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംജി കൊള്ളന്നൂരിന്റെ ജ്യേഷ്ഠനാണ് ലാല്‍ജി.

കൊലപാതകം ആസൂത്രണം ചെയ്യാന്‍ രവികുമാറും രാജേഷും ഒപ്പമുണ്ടായിരുന്നു. വൈശാഖ് നേരത്തെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന ആളാണ്. കരുതല്‍ നടപടിയെന്ന നിലയില്‍ പോലീസ് സ്‌റ്റേഷനില്‍ ഒപ്പിട്ടുപോകാറുണ്ടായിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടത്തിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മധുവിനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് കൊലക്കുകാരണമെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട ലാല്‍ജിയും മധുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നുവെങ്കിലും വന്‍ പലിശക്ക് പണം വായ്പ നല്‍കുന്നവരായിരുന്നു. കെ പി സി സി ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനറായിരുന്നു ലാല്‍ജി.
രാഷ്ട്രീയക്കാര്‍ അടക്കമുള്ളവര്‍ക്ക് ഗുണ്ടാ പ്രവര്‍ത്തനവും ക്വട്ടേഷനും ഏറ്റെടുക്കുന്ന ആളാണ് വൈശാഖ്. എസി പി. ചന്ദന്‍ ചൗധരി, സ്‌പെഷ്യല്‍ ബ്രാഞ്ച് എ സി പി. രാധാകൃഷ്ണന്‍ നായര്‍, സിഐ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

Latest