സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം: വാര്‍ത്ത അടിസ്ഥാനരഹിതം- കെ സി ജോസഫ്

Posted on: August 22, 2013 11:21 pm | Last updated: August 22, 2013 at 11:21 pm
SHARE

കോട്ടയം: സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ മലയാള ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിക്കൊണ്ടുളള നിര്‍ദേശം മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയില്‍ നിന്ന് പിന്‍വലിക്കുക മാത്രമാണ് ചെയ്തതെന്നും നിരാകരിച്ചിട്ടില്ലെന്നും സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്.

മറിച്ചുളള പ്രചര ണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്താംതരം വരെ അല്ലെങ്കില്‍ പ്ലസ്ടു/ ബിരുദതലത്തില്‍ മലയാളം വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ ഇനി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചാല്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് പത്താംതരം മലയാള പാഠാവലിയുടെ നിലവാരത്തിലുളള പരീക്ഷവിജയിക്കണമെന്ന വ്യവസ്ഥ മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പും എതിരില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം പി എസ് സിയെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഇക്കാര്യം ചര്‍ച്ചക്ക് വന്നപ്പോള്‍ ഇടുക്കി, കാസര്‍കോഡ് ജില്ലകളില്‍ നിന്നുളള ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യം മന്ത്രിസഭാ യോഗം പിന്‍വലിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അധികം താമസിയാതെ നിര്‍ദേശം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകളും ലേഖനകളും തെറ്റിദ്ധാരണമൂലമാണ്. ഇക്കാര്യത്തില്‍ ലീഗിന് യാതൊരു എതിര്‍പ്പുമില്ലെന്നും മന്ത്രി കെ സി ജോസഫ് പറഞ്ഞു.