Connect with us

Palakkad

ജില്ലയില്‍ നേത്രാന്തരപടലത്തെ ബാധിക്കുന്ന രോഗമുള്ളവര്‍ ഏറുന്നു

Published

|

Last Updated

പാലക്കാട്: പ്രമേഹ ബാധിതരില്‍ നേത്രാന്തരപടലത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ (ഡയബറ്റിക് റെറ്റിനോപ്പതി) ജില്ലയില്‍ ഏറുന്നു. ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന ടെലി ഓഫ്താല്‍മോളജി യൂണിറ്റ് ജില്ലയുടെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനകളിലാണ് ഇക്കാര്യം വ്യക്തമായത്.
2012 നവംബര്‍ 10 മുതല്‍ 2013 ആഗസ്റ്റ് 15 വരെയായി നടന്ന 53 ക്യാമ്പുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ക്യാമ്പിലെത്തിയ 2,091 പ്രമേഹ ബാധിതരില്‍ 670 പേരെ വീഡിയോ കോണ്‍ഫറന്‍സ് വഴി തുടര്‍ചികിത്സ നിര്‍ണയിക്കാന്‍ തിരഞ്ഞെടുത്തിരുന്നു. ഇവരില്‍ 208 പേര്‍ക്ക് നേത്രാന്തരപടലത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി.
പ്രമേഹത്തെത്തുടര്‍ന്നുണ്ടാകുന്ന നേത്രാന്തരപടലത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് തുടക്കത്തിലേ ചികിത്സ ലഭിക്കുന്നില്ലെങ്കില്‍ അന്ധത ബാധിക്കുമെന്നും ലേസര്‍ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാമെന്നും ജില്ലാ ആശുപത്രിയിലെ നേത്രരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. എ രോഹന്‍ പറയുന്നു.
ജില്ലാ ആശുപത്രിയില്‍ ലേസര്‍ ചികിത്സ ആദ്യ തവണ 200 രൂപ മാത്രമാണ് ഈടാക്കുന്നത്. രണ്ടാമതും ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് സൗജന്യമായി നല്‍കും. അതേ സമയം സ്വകാര്യ ആശുപത്രികളില്‍ ഇതിന് 1,500 മുതല്‍ 2,000 രൂപവരെയാണ് ഈടാക്കുന്നത്.
ഇത് വരെ നടത്തിയ ക്യാമ്പുകളില്‍ നാലിലൊരാള്‍ക്ക് പ്രമേഹത്തെത്തുടര്‍ന്ന് നേത്രാന്തരപടലത്തില്‍ പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 70 ശതമാനത്തിലേറെ പേര്‍ ചികിത്സതേടി. ഇവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും ചികിത്സ തേടാത്തവരെ അതിന്ന് വേണ്ടി പ്രത്സാഹിപ്പിക്കും. ഡോ. രോഹന്‍ പറഞ്ഞു.