നാട് വിറപ്പിച്ച കാട്ട് പോത്ത് മലകയറി

Posted on: August 22, 2013 7:34 am | Last updated: August 22, 2013 at 7:34 am
SHARE

കാളികാവ്: ജനവാസ കേന്ദ്രത്തില്‍ വീണ്ടും കാട്ട്‌പോത്ത് ഇറങ്ങി. മധുമല ഭാഗത്ത് കാണപ്പെട്ട കാട്ട് പോത്ത് പുറ്റമണ്ണ, പേവുംതറ, അമ്പലക്കടവ്, മാളിയേക്കല്‍, വെള്ളപൊയില്‍, ചിലമ്പ് പ്രദേശങ്ങളിലും എത്തി. ജനങ്ങളെ പരിഭ്രാന്തരാക്കി നാട് മുഴുവന്‍ ഓടിയ കാട്ട് പോത്ത് കടിഞ്ചീരി മലയിലേക്ക് രക്ഷപ്പെട്ടു. കാട്ട് പോത്ത് ഇറങ്ങിയതറിഞ്ഞ് നൂറ് കണക്കിനാളുകള്‍ പിറകെ ഓടി. അമ്പലക്കടവില്‍ സി കെ മുസ്തഫയുടെ ബൈക്ക് കുത്തി മറിച്ചിട്ട് നശിപ്പിച്ചു. മാളിയേക്കല്‍ ചോദ്യത്തിലും കാട്ട്‌പോത്ത് ബൈക്ക് നശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി പുല്ലങ്കോട് മലവാരത്തില്‍ നിന്നിറങ്ങിയ കാട്ട്‌പോത്ത് ബുധനാഴ്ച രാവിലെ മധുമല ഭാഗത്ത് സ്വകാര്യ റബ്ബര്‍ തോട്ടത്തില്‍ തൊഴിലാളികളെ അക്രമിക്കാനൊരുങ്ങിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെ നാട്ടിലൂടെ കറങ്ങിയതിന് ശേഷം രാത്രി എട്ട് മണിയോടെ കടിഞ്ചീരി മലയിലേക്ക് കറിയതായി നാട്ടുകാര്‍ പറഞ്ഞു. വനപാലകരും പോലീസും സ്ഥലത്തെത്തിയിരുന്നു. ഏതാനും മാസം മുമ്പ് രണ്ട് കാട്ട്‌പോത്തുകള്‍ അടക്കാക്കുണ്ട് പ്രദേശത്ത് ഇറങ്ങിയിരുന്നു.