Connect with us

National

മഹാരാഷ്ട്രയില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിരോധിച്ചു

Published

|

Last Updated

മുംബൈ: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമര രംഗത്തുള്ള നരേന്ദ്ര ദഭോല്‍കര്‍ വെടിയേറ്റ് മരിച്ചതിന്റെ പിറ്റേന്ന്, മഹാരാഷ്ട്ര സര്‍ക്കാര്‍ ആഭിചാര ക്രിയ, അന്ധവിശ്വാസം തുടങ്ങിയവ നിരോധിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നിയമം.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആഭിചാര ക്രിയ, അന്ധവിശ്വാസം എന്നിവക്കെതിരെ പ്രവര്‍ത്തിക്കുകയായിരുന്നു ദഭോല്‍കര്‍. പൂനെയിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് ദഭോല്‍കര്‍ രണ്ട് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ഇത് സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 1995ല്‍ ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ മഹാരാഷ്ട്ര മന്ത്രിസഭ ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. തുടര്‍ന്ന്, ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചു. എന്നാല്‍, പാസ്സാക്കാനായില്ല. അന്ധവിശ്വാസത്തെ തുടച്ചുനീക്കുന്ന ബില്ലില്‍ 29 തവണ മാറ്റിത്തിരുത്തലുകള്‍ വരുത്തിയിരുന്നു. എന്നാല്‍, പ്രത്യേകിച്ച് തീവ്രഹിന്ദുത്വ സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ഇത് പാസ്സാക്കാനായില്ല. ഇത് ഹിന്ദുവിരുദ്ധമാണെന്നാണ് സംഘടനകളുടെ വിമര്‍ശം.
നര- മൃഗ ബലികള്‍, ദുഷ്ടാചാരങ്ങള്‍, ദുര്‍മന്ത്രവാദം തുടങ്ങിയവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ബില്‍ പ്രകാരം സാധിക്കും. 2009ല്‍ ബില്‍ അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. ഈ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നു. ദഭോല്‍കറിന്റെ വധത്തെ തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭം തണുപ്പിക്കാനാണ് പുതിയ ഓര്‍ഡിനന്‍സെന്ന് വിലയിരുത്തലുകളുണ്ട്. ഡിസംബര്‍ മധ്യത്തിലുണ്ടാകുന്ന ശൈത്യകാല സമ്മേളനത്തില്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാറിന്റെ പദ്ധതി.

Latest