Connect with us

Gulf

രൂപ വീണ്ടും ഇടിഞ്ഞു: ഒരു ദിര്‍ഹമിന്റെ വില 17.42 രൂപ

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്നലെ രാവിലെ ഒരു ദിര്‍ഹമിന് 17.42 രൂപയായി. ഇത്തരമൊരു തകര്‍ച്ച ചരിത്രത്തിലാദ്യമാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നലെ മാത്രം മൂന്ന് ശതമാനം വിലയിടിവുണ്ടായി.
ഇന്നലെ ഡോളറുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലായിരുന്നു. വ്യാപാരം തുടങ്ങുമ്പോള്‍ തന്നെ രൂപയുടെ 64.11 രൂപ വരെയായി താഴ്ന്നു. രൂപയുടെ വിലയിടിവിനൊപ്പം ഓഹരി വിപണിയിലും ഇടിവ് തുടരുകയാണ്. സെന്‍സെക്‌സ് 325.64 പോയിന്റ് നഷ്ടത്തില്‍ പതിനെണ്ണായിരത്തില്‍ താഴെ 17,981.88 ലെത്തിയ ശേഷം പിന്നീടാണ് വ്യാപാരം പുരോഗമിച്ചത്. മൂന്നു ദിവസം കൊണ്ട് സെന്‍സെക്‌സ് 1,400 പോയിന്റാണ് ഇടിഞ്ഞത്. അന്‍പതു മുന്‍നിര ഓഹരികളുടെ ദേശീയ സൂചികയായ നിഫ്റ്റിയില്‍ 91.75 പോയിന്റ് ഇടിവാണ് ഇന്നു രാവിലെയുണ്ടായത്. ഇതോടെ നിഫ്റ്റി 5,323 ലാണ് വ്യാപാരം പുരോഗമിച്ചത്. ബാങ്ക് നിഫ്റ്റി 2012 മേയ് മാസത്തിനു ശേഷം ആദ്യമായി 9000 താഴെ എത്തി.
ഇന്നലെ ഒരു രൂപ 48 പൈസ ഇടിവില്‍ ഡോളറിന് 63.13 രൂപ എന്ന ദയനീയ നിലയിലേക്ക് ഇന്ത്യന്‍ കറന്‍സി എത്തിയിരുന്നു. പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലത്തകര്‍ച്ചയാണ് രൂപ നേരിടുന്നത്. ഇറക്കുമതി നിയന്ത്രിച്ച് വിദേശവ്യാപാരക്കമ്മി കുറയ്ക്കാനും വിദേശനാണ്യം പുറത്തേക്കൊഴുകുന്നതു നിയന്ത്രിക്കാനും സര്‍ക്കാരും റിസര്‍വ് ബാങ്കും ഇപ്പോള്‍ പല നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നാണ് രൂപയുടെ സ്ഥിതി വ്യക്തമാക്കുന്നത്.
വിദേശ ഇന്ത്യക്കാര്‍ക്കും നാട്ടിലെ കയറ്റുമതിക്കാര്‍ക്കും ആഹ്ലാദം പകരുന്നെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വന്‍ പ്രത്യാഘാതമാണ് സംഭവിക്കുക. രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കും സര്‍ക്കാരും സ്വീകരിച്ച നടപടികള്‍ ലക്ഷ്യം കാണാത്തതോടെ രൂപ 65 രൂപയിലേക്ക് വീഴുമെന്ന് വിദഗ്ധര്‍ പറയുന്നു.
രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന തിന്റെ സൂചനയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ ഉണര്‍വാണ് രൂപയുടെ വിലയിടിവിന് ഒരു കാരണമായി പറയുന്നതെങ്കിലും മന്‍മോഹന്‍ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌കരണം തിരിച്ചടിയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നതാണ് സ്വര്‍ണത്തില്‍ നിക്ഷേപം ഇറക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ചൈന വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും സ്വര്‍ണവില വര്‍ധനക്ക് കാരണമായി.