വനിതാ കമ്മീഷന്‍ അദാലത്തില്‍ പരാതി പ്രളയം

Posted on: August 21, 2013 7:51 am | Last updated: August 21, 2013 at 7:51 am
SHARE

കോഴിക്കോട്: 30 വര്‍ഷം നിഴല്‍പോലെ നിന്ന സഹായിക്ക് കോടികള്‍ വിലമതിക്കുന്ന തന്റെ സ്വത്തുക്കളിലാണ് കണ്ണെന്നറിഞ്ഞപ്പോള്‍ 83 കാരിയായ പരാതിക്കാരിക്ക് വിശ്വസിക്കാനായില്ല. സഹോദരങ്ങള്‍ തനിക്കനുകൂലമല്ലാതിരുന്നതിനാല്‍ സഹായത്തിനായി നിര്‍ത്തിയ പുരുഷനായിരുന്നു സ്ത്രീയുടെ വീട്ടുകാര്യങ്ങളും ബിസിനസ് കാര്യങ്ങളും നോക്കി നടത്തിയിരുന്നത്. 13 വര്‍ഷം മുന്‍പ് അന്യസംസ്ഥാനത്തു നിന്ന് നിയമവിധേയമല്ലാതെ തനിക്കായി കൊണ്ടുവന്ന കുട്ടിയുടെ പേരില്‍ വില്‍പത്രം എഴുതിവെക്കാനായി സഹായി തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സ്ത്രീ കമ്മീഷനോട് പറഞ്ഞു. സഹായിയുമായി ചേര്‍ന്ന് തുടങ്ങിയ ജോയിന്റ് ബേങ്ക് അക്കൗണ്ടിലെ പണവും ലോക്കറിലെ സ്വര്‍ണാഭരണങ്ങളും ഇയാള്‍ എടുത്തതായും സ്ത്രീ ആരോപിച്ചു. വിശദമായ അന്വേഷണത്തിനായി കമ്മീഷന്‍ കേസ് നടക്കാവ് പോലീസിനു കൈമാറി.
വനിതാകമ്മീഷന്‍ അദാലത്തില്‍ പരിഗണനക്കു വന്ന 57 പരാതികളില്‍ 26 എണ്ണം പരിഹരിച്ചു. 26 എണ്ണം അടുത്ത സിറ്റിംഗിലേക്കു മാറ്റിവെച്ചു. മൂന്ന് കേസ് കമ്മീഷന്റെ ഫുള്‍ബഞ്ച് പരിഗണനക്കുവിട്ടു. ഒരെണ്ണം ബാലുശ്ശേരി ജാഗ്രതാ സമിതിക്കും വിട്ടു. നാല് പുതിയ പരാതികള്‍ ലഭിച്ചു.വീടുകളില്‍ അന്വേഷണം നടത്തുന്നതിനിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് പോലീസിനെതിരെ മൂന്ന് പരാതികളും ജോലിസ്ഥലത്തെ മാനസിക പീഡനത്തിനെതിരെ സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞനെതിരെ പരാതിയും കമ്മീഷനു മുമ്പാകെ വന്നു.