ഈജിപ്ത്: ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഅ അറസ്റ്റില്‍

Posted on: August 21, 2013 6:00 am | Last updated: August 20, 2013 at 11:41 pm
SHARE

eigiptകൈറോ: മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ബദീഇനെ അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോയില്‍വെച്ചാണ് ബദീഇന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ്യത്ത് അക്രമാസക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയും കൂട്ടക്കൊലക്ക് കാരണക്കാരനാകുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഇദ്ദേഹത്തിന് മേല്‍ ചുമത്തിയിട്ടുണ്ട്.
ഇടക്കാല സര്‍ക്കാര്‍ വക്താക്കളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ മെനയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് കസ്റ്റഡിയിലുള്ള ബദീഇന്റെ ചിത്രവും മെന പുറത്തുവിട്ടിട്ടുണ്ട്. കൈറോയിലെ സൈനിക ആസ്ഥാനത്ത് വെച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്. ഇടക്കാല സര്‍ക്കാറിനെതിരെയും സൈന്യത്തിനെതിരെയും രാജ്യത്ത് ബ്രദര്‍ഹുഡ് പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കവെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ സൈനിക അട്ടിമറിയില്‍ സ്ഥാനം നഷ്ടമായ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം തടവിലാക്കിയതിന് പിന്നാലെ ബ്രദര്‍ഹുഡിന്റെ നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടിച്ചിരുന്നു. മുര്‍സിക്ക് അധികാരം നല്‍കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ബ്രദര്‍ഹുഡ് പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് അറസ്റ്റ് വേഗത്തിലാക്കാന്‍ സൈന്യം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ബ്രദര്‍ഹുഡിനെ നിരോധിക്കാനുള്ള ചര്‍ച്ചകള്‍ ഇടക്കാല മന്ത്രിസഭയില്‍ സജീവമാകുന്നതിനിടെയാണ് ബദീഇന്റെ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
സൈന്യത്തിന്റെയും ഇടക്കാല സര്‍ക്കാറിന്റെയും സമാധാന ചര്‍ച്ചകള്‍ക്കുള്ള ക്ഷണം അവഗണിച്ച് ബദീഅ് ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത് സൈനിക, സര്‍ക്കാര്‍ മേധാവികളെ ചൊടിപ്പിച്ചിരുന്നു.
70കാരനായ ബദീഇന് മുര്‍സിയുടെ പുറത്താകലിന് ശേഷം പാര്‍ട്ടിയില്‍ ശക്തമാ സ്വാധീനമാണ് ഉണ്ടായിരുന്നത്. ജൂണ്‍ അവസാനത്തില്‍ കൈറോയില്‍ കൊല്ലപ്പെട്ട എട്ട് ബ്രദര്‍ഹുഡ് വിരുദ്ധ പ്രവര്‍ത്തകരുടെ വധത്തിന് പിന്നില്‍ ബദീഇന്റെ കരങ്ങളുണ്ടെന്നും ഈ കുറ്റത്തിന് ഇയാളെ ഉടന്‍ വിചാരണ ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബദീഇനെ കൈറോയിലെ തോറാ ജയിലിലേക്ക് മാറ്റിയേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രക്ഷോഭത്തിനിടെ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ തടവിലിട്ട ജയിലാണിത്.