സോളാര്‍: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted on: August 20, 2013 11:46 pm | Last updated: August 20, 2013 at 11:46 pm
SHARE

oommen chandyതിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ ഇടതു യുവജന സംഘടനകള്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിലവില്‍ മുഖ്യമന്ത്രിയുടെ സുരക്ഷക്ക് നിയോഗിക്കപ്പെട്ട പതിനേഴംഗ സംഘത്തിന് പുറമെ ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ പത്ത് കമാന്‍ഡോകളുടെ സേവനമാണ് വിനിയോഗിക്കുക. ഡെപ്യൂട്ടേഷനിലായിരിക്കും ഇവരെ മുഖ്യമന്ത്രിയുടെ സുരക്ഷക്കായി നിയോഗിക്കുക. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ഉള്‍പ്പെടെ ഇവരുടെ സാന്നിധ്യമുണ്ടാകും. നേരത്തെ മുഖ്യമന്ത്രിയുടെ യാത്രാ പരിപാടികള്‍ സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന എസ് ഐ തന്നെ ചോര്‍ത്തിയ സംഭവമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ സേനയില്‍ വരുന്ന അംഗങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കും.
സോളാര്‍ വിഷയം ഉയര്‍ന്നു വന്നതിനു പിന്നാലെ തന്നെ മുഖ്യമന്ത്രിക്കെതിരെ ഇടതു യുവജന സംഘടനകള്‍ കരിങ്കൊടി പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജനസമ്പര്‍ക്ക പരിപാടി പോലും മുഖ്യമന്ത്രിക്ക് റദ്ദാക്കേണ്ടി വന്നിരുന്നു.