‘എയര്‍ കേരള’യുടെ രണ്ടാം പ്രഖ്യാപനവും പാഴ്‌വാക്കായി

Posted on: August 20, 2013 1:52 pm | Last updated: August 20, 2013 at 3:29 pm
SHARE

Coffin newമസ്‌കത്ത്: നിരീക്ഷകരുടെ പ്രവചനം പോലെ നനഞ്ഞ വിഷുപ്പടക്കമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ എയര്‍ കേരള രണ്ടാം പ്രഖ്യാപനവും ചീറ്റുന്നു. എമര്‍ജിംഗ് കേരളയിലെ ഔദ്യോഗിക പ്രഖ്യാപനത്തിന് ആണ്ടു തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ പദ്ധതി നടപ്പിലാകില്ലെന്ന ഉറപ്പിലാണ് പ്രവാസികള്‍ക്കു മറ്റൊരു ഇരുട്ടടി സമ്മാനിച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വെള്ളിയാഴ്ച മുതല്‍ സൗജന്യ ലഗേജ് പരിധി മൂന്നിലൊന്നു വെട്ടിക്കുറക്കുന്നത്.
ഗള്‍ഫ് പ്രവാസികള്‍ യാത്രാ ക്ലേശം കൊണ്ട് പൊറുതി മുട്ടിയ കഴിഞ്ഞ സ്‌കൂള്‍ അവധിക്കാലത്തായിരുന്നു കേരള സര്‍ക്കാര്‍ എയര്‍ കേരള പദ്ധതിക്ക് വീണ്ടും പ്രതീക്ഷയുടെ തിരി കൊളുത്തിയത്. പ്രവാസികള്‍ക്കിടയില്‍ പുതിയ പ്രതീക്ഷയും സ്വപ്‌നവും നല്‍കി സര്‍ക്കാര്‍ പദ്ധതിയെ വാനോളം പ്രചരിപ്പിച്ചു. യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരമായില്ലെങ്കിലും ഗള്‍ഫ് മലയാളികളോടുള്ള കേരള സര്‍ക്കാറിന്റെ പ്രതിബദ്ധതയായിരിക്കും പദ്ധതിയെന്നാണ് മസ്‌കത്തിലെത്തിയ പ്രവാസി വകുപ്പ് മന്ത്രി കെ സി ജോസഫ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിഷുപ്പുലരിയില്‍ എയര്‍ കേരള വിമാനം പറന്നുയരുമെന്ന് പ്രഖ്യാപിച്ചു. മറ്റു മന്ത്രിമാരും ഇത് ഏറ്റെടുത്ത് പ്രഖ്യാപനം നടത്തുകയായിരുന്നു.
പ്രവാസികളില്‍നിന്നും നിക്ഷേപം സമാഹരിച്ചായിരിക്കും പദ്ധതിയെന്നും പതിനായിരം രൂപ വരെ നിക്ഷേപിക്കാന്‍ അവസരമുണ്ടാകുമെന്നും പ്രഖ്യാപനമുണ്ടായി. നിക്ഷപത്തിന് സന്നദ്ധത അറിയിച്ച് പ്രവാസി വ്യവസായികളും സംരംഭകരും രംഗത്തു വന്നു. നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്നും അഞ്ചു കോടി സമാഹരിച്ചു നല്‍കുമെന്നും അറിയിച്ച് മസ്‌കത്ത് കെ എം സി സി പ്രസ്താവനയിറക്കി. പദ്ധതിയെ മറ്റു പ്രവാസി സംഘടനകളും സ്വാഗതം ചെയ്തു. കേന്ദ്രത്തില്‍നിന്നും അനുമതി ലഭിക്കുന്നതിനായി നടപടികള്‍ തുടങ്ങിയെന്നും നിമയത്തില്‍ ഇളവു ആവശ്യപ്പെട്ടുവെന്നും തുടങ്ങിയ പ്രസ്താവനകള്‍ ഇടക്കിടെ മന്ത്രിമാര്‍ നടത്തി.
പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് യാത്രക്കാരെ പ്രയാസപ്പെടുത്തിയ എയര്‍ ഇന്ത്യക്കെതിരെ പൊതുവികാരം കത്തി നിന്ന സമയത്ത് ഉയര്‍ത്തിവിട്ട എയര്‍ കേരള തരംഗത്തിന് ശക്തി പകര്‍ന്ന് എയര്‍ ഇന്ത്യ ഡയറക്ടര്‍ബോര്‍ഡില്‍നിന്നും എം കെ ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി രാജി വെച്ച് എയര്‍ കേരള പദ്ധതിയുമായി സഹകരിക്കുമെന്നു പ്രഖ്യപിച്ചു. ഇത് കേരള സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപനത്തിന് കൂടുതല്‍ ബലവും പ്രചാരവും നല്‍കി. പദ്ധതി സിയാലിനെ ഏല്‍പിച്ചതായും ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിയെ സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ ചുമതലപ്പെടുത്തിയതായുമുള്ള വാര്‍ത്തകള്‍ വന്നു. ഒടുവില്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന സകല പ്രതീതിയും സൃഷ്ടിച്ചാണ് സെപ്തംബറില്‍ കൊച്ചിയില്‍ നടന്ന ‘എമര്‍ജിംഗ് കേരള’ നിക്ഷേപക സംഗമത്തില്‍ എയര്‍ കേരളയുടെ പ്രഖ്യാപനം നടന്നത്. എമര്‍ജിംഗ് കേരളയില്‍ നടന്ന പ്രധാന പദ്ധതി പ്രഖ്യാപനവും ഇതായിരുന്നു.
രാജ്യാന്തര സര്‍വീസ് നടത്താന്‍ അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയിരിക്കണം, സ്വന്തമയി 20 വിമാനങ്ങള്‍ ഉണ്ടായിരിക്കണം തുടങ്ങിയ കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പിന്റെ നിബന്ധനകളാണ് എയര്‍ കേരളക്ക് തടസമായിരുന്നത്. എന്നാല്‍ ഇതു കേരളത്തിനു വേണ്ടി ഇളവു ചെയ്തു കിട്ടുമെന്നും എയര്‍ കേരള ആരംഭിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയും കേരള സര്‍ക്കാറും ആവര്‍ത്തിച്ചിരുന്നത്. തുടക്കം മുതലേ പദ്ധതിക്ക് അനുകൂലമല്ലാതിരുന്ന കേന്ദ്ര സര്‍ക്കാറും കോണ്‍ഗ്രസ് നേതൃത്വവും മലയാളിയായ കെ സി വേണുഗോപാലിനെ സിവില്‍ വ്യോമയാന വകുപ്പ് സഹ മന്ത്രിയാക്കി എക്‌സ്പ്രസ് ആസ്ഥാനം കേരളത്തിലേക്കു മാറ്റുകയും സര്‍വീസ് മെച്ചപ്പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്ത് എയര്‍ കേരളയുടെ സാധ്യതയെ ഇല്ലാതാക്കുകയായിരുന്നുവെന്നാണ് വിമര്‍ശം. കെ സി വേണുഗോപാല്‍ വ്യോമയാന സഹമന്ത്രിയായ സാഹചര്യത്തില്‍ എയര്‍കേരള യാഥാര്‍ഥ്യമാകില്ലെന്ന് നേരത്തെ സിറാജ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കേരളീയ ഭക്ഷണമുള്‍പെടെ ഉള്‍പെടുത്തി എയര്‍കേരളക്ക് ബദല്‍ ആക്കുകയായിരുന്നു കെ സി വേണുഗോപാലിനെ ഏല്‍പിച്ച ദൗത്യം.
എയര്‍ കേരള പ്രഖ്യാപനം ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രവാസി മലയാളികള്‍ എയര്‍ ഇന്ത്യയോടു പുലര്‍ത്തിയിരുന്ന പഴയ അശ്പൃശ്യത ഒഴിവാക്കുകയും എയര്‍ കേരളയെ മറക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ലഗേജ് വെട്ടിക്കുറക്കാനുള്ള തീരുമാനവുമായി കമ്പനി രംഗത്തു വരുന്നത്. ഒന്നും രണ്ടും വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത് നാട്ടിലേക്കു തിരിക്കുന്ന സാധാരണക്കാരായ പ്രവാസി മലയാളികള്‍ യാത്ര ചെയ്യുന്ന എക്‌സ്പ്രസില്‍ ലഗേജ് കുറച്ചത് കനത്ത തിരിച്ചടിയാണ്. പ്രവാസികളില്‍നിന്നും വിമര്‍ശമുയര്‍ന്നിട്ടും തീരുമാനം പിന്‍വലിക്കാന്‍ വ്യോമയാന വകുപ്പ് തയാറായിട്ടില്ല. അഞ്ചു റിയാലിന് 10 കിലോ ലഗേജ് കൊണ്ടുപോകാന്‍ അനുവദിക്കുമെന്ന പ്രഖ്യാപനമാണ് മന്ത്രാലയം നടത്തിയിരിക്കുന്നത്. എക്‌സ്പ്രസ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തു വരുന്ന പ്രവാസികള്‍ എയര്‍കേരളക്കായി ആവശ്യമുയര്‍ത്തുന്നില്ല.
2006ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ യു ഡി എഫ് സര്‍ക്കാര്‍ തന്നെയാണ് ആദ്യമായി ‘എയര്‍ കേരള’ എന്ന ആശയം അവതരിപ്പിച്ചത്. സാങ്കേതികത്വത്തില്‍ കുടുങ്ങി ആരംഭിക്കാന്‍ കഴിയാതിരുന്ന പദ്ധതിക്കായി എല്‍ ഡി എഫ് സര്‍ക്കാര്‍ ചെറിയ പരിശ്രമം നടത്തിയെങ്കിലും കേന്ദ്രാനുമതിക്കു സാധ്യതയില്ലാത്തതിനാല്‍ ഉപേക്ഷിച്ചു. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന അതേ പാര്‍ട്ടിയുടെ തന്നെ സര്‍ക്കാര്‍ എന്ന സവിശേഷതയുടെ ബലത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രവാസികളെ മോഹിച്ചിപ്പു നടത്തിയ പുനഃപ്രഖ്യാപനത്തിന് ഒരിക്കല്‍കൂടി ചരമയോഗം.