Connect with us

Idukki

പ്രകൃതി ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ

Published

|

Last Updated

ഇടുക്കി: ജില്ലയില്‍ കാലവര്‍ഷത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷവും പ്രധാനമന്ത്രി ഉറപ്പുനല്‍കിയ രണ്ട് ലക്ഷവും ഉള്‍പ്പെടുത്തി നാല് ലക്ഷം രൂപയുടെ ധനസഹായമെത്തിക്കാന്‍ നടപടിയുണ്ടാവുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ്. ഇടുക്കിയിലെ പ്രകൃതിക്ഷോഭത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുളളതെന്ന് റവന്യു മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി അവലോകന യോഗത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘം 5446 കോടി രൂപയുടെ സഹായത്തിനാണ് മെമ്മോറാണ്ടം സമര്‍പ്പിച്ചത്. ഇടുക്കിക്കായി പ്രത്യേക പാക്കേജിനും അഭ്യര്‍ഥിച്ചു.

രണ്ടര മാസമായി സംസ്ഥാനത്തുണ്ടായ കാലവര്‍ഷത്തില്‍ 178 പേര്‍ മരിച്ചു. ഇടുക്കിയില്‍ മാത്രം 22 പേര്‍ മരിച്ചു. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭിക്കാന്‍ നിലവില്‍ 30 ദിവസത്തോളം കാലതാമസം ഉണ്ടാവുന്നുണ്ട്. ഇത് ഒഴിവാക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ധനസഹായം നല്‍കാനുളള ഫണ്ട് ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ട പ്രകാരം 16 ലക്ഷം രൂപ കൂടി ഈയാഴ്ച നല്‍കും. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് നിലവിലുളള മാനദണ്ഡമനുസരിച്ച് 75,000 രൂപയാണ് നല്‍കാന്‍ കഴിയുക. ഇത് രണ്ടു ലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 35,000 രൂപ എന്നത് 50,000 രൂപയാക്കും.
അതത് പഞ്ചായത്തുകളിലെ അസി. എന്‍ജിനീയര്‍മാര്‍ നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരതുക നിശ്ചയിക്കും. വില്ലേജ് ഓഫിസര്‍മാര്‍ നല്‍കുന്ന റിപോര്‍ട്ടുകള്‍ സംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ പുതുതായി ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അസി. എന്‍ജിനീയര്‍മാരുടെ റിപ്പോര്‍ട്ട് സഹിതം കലക്ടറേറ്റില്‍ സമര്‍പ്പിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

 

Latest