ആന്ധ്രാ വിഭജനം: വൈ എസ് ആറിന്റെ വിധവ അനിശ്ചിതകാല ഉപവാസം തുടങ്ങി

Posted on: August 20, 2013 12:00 am | Last updated: August 20, 2013 at 12:16 am
SHARE

ഹൈദരാബാദ്: വൈ എസ് ആര്‍ കോണ്‍ഗ്രസ് ഓണററി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ വിധവയുമായ വൈ എസ് വിജയമ്മ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു. ആന്ധ്രാപ്രദേശ് വിഭജിക്കുന്നുവെങ്കില്‍ അത് എല്ലാ മേഖലകളോടും നീതി പുലര്‍ത്തിക്കൊണ്ടായിരിക്കണമെന്നും അതല്ലെങ്കില്‍ വിഭജനത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേട്ടത്തിനായി, സ്വേഛാധിപത്യപരമായി ആന്ധ്രാപ്രദേശ് വിഭജനം കോണ്‍ഗ്രസ് ഉപയോഗിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ഉപവാസം ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഗുണ്ടൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സംസ്ഥാനത്തെ എല്ലാ മേഖലകളോടും നീതികാണിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കുന്നു. ‘തെലങ്കാന’യിലെ 15 ലോക്‌സഭാ സീറ്റുകളും കോണ്‍ഗ്രസിന് നേടാന്‍ കഴിയുംവിധമാണ് വിഭജനം- വിജയമ്മ പറഞ്ഞു.
ആന്ധ്രാപ്രദേശ് വിഭജനത്തെ എതിര്‍ത്തുകൊണ്ട് വിജയമ്മയും മറ്റ് 16 പാര്‍ട്ടി എം എല്‍ എമാരും ഇതിനകം നിയമസഭാ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. വിജയവാഡയില്‍ അനിശ്ചിതകാല ഉപവാസം ആരംഭിക്കാന്‍ ഇവര്‍ തീരുമാനിച്ചിരുന്നു വെങ്കിലും അവനിഗഡ നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
സംസ്ഥാനത്തെ എല്ലാ മേഖലകളോടും നീതി പുലര്‍ത്താന്‍ തന്റെ ഭര്‍ത്താവ് വൈ എസ് ആര്‍ ശ്രമിച്ചിട്ടുണ്ടെന്ന് വിജയമ്മ അവകാശപ്പെട്ടു.
അവിഹിത സ്വത്ത് സമ്പാദനം ആരോപിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ജയിലിലടക്കപ്പെട്ടിരിക്കുന്ന മകന്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിക്കു വേണ്ടിയാണ് താന്‍ അനിശ്ചിതകാല ഉപവാസം നടത്തുന്നതെന്ന് അവര്‍ വിശദീകരിച്ചു.
റായലസീമയും ആന്ധ്ര മേഖലയും ഉള്‍പ്പെട്ട സീമാന്ധ്രയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിജയമ്മ ഉപവാസം ആരംഭിച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here