സ്‌നോഡന്റെ വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകന്റെ കൂട്ടാളിയെ അറസ്റ്റ് ചെയ്തു

Posted on: August 20, 2013 5:00 am | Last updated: August 19, 2013 at 11:39 pm
SHARE

ലണ്ടന്‍: അമേരിക്കയുടെ ചോര്‍ത്തല്‍ പദ്ധതികളെ കുറിച്ച് സ്‌നോഡന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുവിട്ട പത്രപ്രവര്‍ത്തകന്‍ ഗ്ലെന്‍ ഗ്രീന്‍വാല്‍ഡിന്റെ കൂട്ടാളി ഡേവിഡ് മിറാന്‍ഡയെ ലണ്ടനില്‍ പോലീസ് പിടിച്ചുവെച്ചു. ഹെത്‌റോ വിമാനത്താവളത്തിലാണ് യുവ പത്രപ്രവര്‍ത്തകന്‍ കൂടിയായ ഡേവിഡിനെ മണിക്കൂറോളം പിടിച്ചുവെച്ചത്. തീവ്രവാദ കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ അധികൃതര്‍ നടപടിയെടുത്തതെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ സമീപനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
ന്യായീകരിക്കാനാകാത്ത നടപടിയാണ് ലണ്ടന്‍ അധികൃതരില്‍ നിന്ന് ഉണ്ടായതെന്ന് ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബെര്‍ലിനില്‍ നിന്ന് ബ്രസീലിയന്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലേക്കുള്ള യാത്രിക്കിടെയാണ് മിറാന്‍ഡയെ പോലീസ് അറസ്റ്റ് ചെയ്തത്. ഗ്രീന്‍വാല്‍ഡിനൊപ്പം റിയോ ഡി ജനീറോയിലാണ് മിറാന്‍ഡെ താമസിക്കുന്നത്.