ചൈനയില്‍ കനത്ത പ്രളയം; 105 മരണം

Posted on: August 20, 2013 6:00 am | Last updated: August 19, 2013 at 11:39 pm
SHARE

ബീജിംഗ്: വടക്കു കിഴക്കന്‍ ചൈനയില്‍ കനത്ത പ്രളയം. 105 പേര്‍ മരിക്കുകയും 115 പേരെ കാണാതാകുകയും ചെയ്തു. ലിയോനിംഗ്, ജിലിന്‍, ഹെയ്‌ലോന്‍ഗ്ജിയാംഗ് എന്നി പ്രവിശ്യകളിലാണ് പ്രളയം രൂക്ഷമായത്. ഒരാഴ്ചയായി ഇവിടെ ശക്തമായ തോതില്‍ മഴ പെയ്യുകയാണ്. പ്രളയബാധിത പ്രവിശ്യകളിലെ നിരവധി ഗ്രാമ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്.

വെള്ളപ്പൊക്കത്തിന് പുറമെ നിരവധി സ്ഥലങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിട്ടുണ്ട്. ഇത് മരണസംഖ്യ വര്‍ധിക്കാനിടയായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ സഹായം ആവശ്യമാണെന്ന് പ്രവിശ്യാ സര്‍ക്കാറുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രളയത്തിലും ചുഴലിക്കാറ്റിലുമായി നൂറ് കണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിനാളുകളെ താത്കാലികമായ അഭയാര്‍ഥി ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.