റെയില്‍വേയുടെ അനാസ്ഥ അവസാനിപ്പിക്കണം

Posted on: August 20, 2013 6:00 am | Last updated: August 19, 2013 at 10:28 pm
SHARE

SIRAJ.......അജ്മീറില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന മരുസാഗര്‍ എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം ബന്ധപ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുകയാണ്. മരുസാഗര്‍ എക്‌സ്പ്രസിന്റെ പാന്‍ട്രി കോച്ചില്‍ നിന്നുള്ള ഭക്ഷണം കഴിച്ച കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ അമ്പതിലേറെ പേരാണ് റെയില്‍വേയുടെ ‘സുഭിക്ഷ’ യാത്രക്ക് ഇരയാകേണ്ടി വന്നത്. യാത്രക്കാരോട് ഇന്ത്യന്‍ റെയില്‍വേ കാണിക്കുന്ന തികഞ്ഞ അവഗണനക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനാസ്ഥക്കും മികച്ച തെളിവാണ് മരുസാഗര്‍ എക്‌സ്പ്രസിലെ ഭക്ഷ്യവിഷബാധ.

അജ്മീറില്‍ നിന്ന് മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് വിഷബാധയേറ്റവരില്‍ അധികവും. ഇവരില്‍ പലരും പ്രായമായവരാണ്. നേരത്തെ ഭക്ഷണത്തിന്റെ മോശമായ അവസ്ഥയെ കുറിച്ച് പാന്‍ട്രി കോച്ചിലെ ഫുഡ് മാനേജരോട് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നെങ്കിലും മലയാളിക്ക് അത്രയൊക്കെ മതിയെന്ന ധിക്കാരപരമായ മറുപടിയാണ് കേള്‍ക്കേണ്ടി വന്നത്. യാത്രക്കാരോട് പ്രത്യേകിച്ച് മലയാളികളോട് റെയില്‍വേ പുലര്‍ത്തുന്ന അവഗണനാ മനോഭാവത്തിന്റെ എടുത്തുകാണിക്കാവുന്ന ഉദാഹരണമാണ് ഫുഡ് മാനേജറുടെ പ്രതികരണം.
ഇതിന് മുമ്പ് 2010 മെയ് 17ന് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ച തുരന്തോ എക്‌സ്പ്രസിലും സമാനമായ സംഭവം ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട്ട് വെച്ച് തീവണ്ടി നാട്ടുകാര്‍ തടഞ്ഞിരുന്നു. കാറ്ററിംഗ് സര്‍വീസ് സ്വന്തം ചുമതലയാക്കി ഏറ്റെടുത്താല്‍ മാത്രം പ്രശ്‌നം തീരില്ല എന്ന തിരിച്ചറിവ് റെയില്‍വേ ഉള്‍ക്കൊള്ളാന്‍ ഈ സംഭവം സഹായകമാകും. നേരത്തെ ഇതിന്റെ ചുമതല ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്( ഐ ആര്‍ സി ടി സി) ആയിരുന്നു. എന്നാല്‍ വ്യാപകമായ പരാതികള്‍ ഇവരെ കുറിച്ച് ഉയരാന്‍ തുടങ്ങിയതോടെയാണ് 2010 ജൂലൈയില്‍ ഐ ആര്‍ സി ടി സിയെ ഒഴിവാക്കി റെയില്‍വേ തന്നെ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. എന്നിട്ടും ട്രെയിനുകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തെ സംബന്ധിച്ച് യാത്രക്കാരും കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പും പരാതി പറഞ്ഞിരുന്നു. പക്ഷേ ഇതിനോട് ‘ക മ’ പ്രതികരിക്കാന്‍ റെയില്‍വേ വകുപ്പ് മുന്നോട്ടുവന്നില്ല. കാറ്ററിംഗുമായി ബന്ധപ്പെട്ട ചുമതല അതാത് സോണുകള്‍ക്കാണ് നല്‍കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തെ കുറിച്ച് അന്വേഷിക്കാനും വേണ്ട പരിശോധനകള്‍ നടത്താനും റെയില്‍വേ അധികൃതര്‍ കൊമേഴ്‌സ്യല്‍ വിഭാഗത്തെ ഉത്തരവാദപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ മുന്നേറ്റം ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ഭക്ഷ്യവിഷബാധ സംബന്ധിച്ച പുതിയ വാര്‍ത്ത വ്യക്തമാക്കുന്നത്.
യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ മാറ്റിവെച്ചാല്‍ തന്നെ, റെയില്‍വേ അധികൃതര്‍ നിരുത്തരവാദപരമായ സമീപനമാണ് മരുസാഗര്‍ എക്‌സ്പ്രസിലെ യാത്രക്കാരോട് അനുവര്‍ത്തിച്ചത്. പനവേല്‍ ജംഗ്ഷനില്‍ നിന്ന് രണ്ട് ദിവസത്തേക്കാണ് ട്രെയിനില്‍ ഭക്ഷണം കയറ്റിയതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഈ ഭക്ഷണം കഴിച്ച് വയറിളക്കവും ഛര്‍ദിയും പിടിപെട്ട യാത്രക്കാര്‍ ഇതിനെ കുറിച്ച് പരാതിപ്പെട്ട ആദ്യ ഘട്ടത്തില്‍ റെയില്‍വേ ഇവരെ തീര്‍ത്തും അവഗണിക്കുകയായിരുന്നു. ഇവര്‍ക്ക് വേണ്ട മരുന്നോ വെള്ളമോ അധികൃതര്‍ നല്‍കാന്‍ തയ്യാറായില്ല. ടി ടി ആറിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പ്രതികരണം സമാനമായിരുന്നു. ഇതിന് ശേഷം യാത്രക്കാര്‍ ഉഡുപ്പിക്കും കങ്കനാഡിക്കുമിടയില്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കേണ്ടി വന്നു. മംഗലാപുരത്തെത്തിയപ്പോഴാണ് അവശരായ യാത്രക്കാര്‍ക്ക് പ്രാഥമിക ചികിത്സ നടത്തിയതു തന്നെ. തുടര്‍ന്ന് ട്രെയിനില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കാസര്‍കോട് എത്തി രോഗികളെ വിദഗ്ധ ചികിത്സക്ക് വിധേയരാക്കി. ക്ഷുഭിതരായ യാത്രക്കാര്‍ പാന്‍ട്രി കോച്ചിലെത്തി പരിശോധന നടത്തുകയും പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത പല ഭക്ഷ്യവസ്തുക്കളും റെയില്‍വേയുടെയും സര്‍ക്കാറിന്റെയും വിവിധ ലാബുകളിലേക്ക് പരിശോധനക്കയച്ചിരിക്കുകയാണ്. ആര്‍ പി എഫിന്റെ പരിശോധനയില്‍ ഇവര്‍ക്ക് കൃത്യമായ രേഖകളൊന്നും ഇല്ലെന്നും വ്യക്തമായിട്ടുണ്ട്.
സംഭവം വിവാദമായപ്പോഴെങ്കിലും ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ റെയില്‍വേ മുന്നിട്ടിറങ്ങുന്നത് സ്വാഗതാര്‍ഹമാണ്. പാലക്കാട് ഡിവിഷനില്‍ നിന്ന് ഭക്ഷ്യവിഷബാധ സംബന്ധിച്ച റിപ്പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാര്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കാത്തതില്‍ റെയില്‍വേ മന്ത്രാലയവും അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു. കാറ്ററിംഗ് ചുമതലയുണ്ടായിരുന്ന ജയ്പൂരിലെ എ ബി സി കാറ്ററേഴ്‌സിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.
കാറ്ററിംഗ് ചുമതല റെയില്‍വേ ഏറ്റെടുത്ത ശേഷമുണ്ടായ ആദ്യത്തെ ഈ വലിയ ഭക്ഷ്യവിഷബാധ അധികൃതരുടെ കണ്ണ് തുറപ്പിക്കുമെന്ന് കരുതാം. റെയില്‍വേ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധനകള്‍ കൃത്യമായി നടത്തുകയാണ് ഇതിന് വേണ്ട പ്രാഥമിക നടപടി. ദിവസവും ലക്ഷക്കണക്കിന് യാത്രക്കാര്‍ സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന റെയില്‍വേയിലെ ചെറിയൊരു പിഴവ് നിരവധി യാത്രക്കാരെ ദോഷകരമായി ബാധിക്കുമെന്ന കാര്യം അധികൃതര്‍ തിരിച്ചറിയണം. അതിന് വേണ്ടി ഉത്തരവാദപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുന്നതോടൊപ്പം യാത്രക്കാരെ ദുരിതത്തിലാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയും അനിവാര്യമാണ്.