Connect with us

Gulf

പൊതുസേവന രംഗം കാര്യക്ഷമമാക്കാന്‍ യൂറോപ്യന്‍ മാനേജ്‌മെന്റ് രീതിയുമായി ഒമാന്‍

Published

|

Last Updated

salalahമസ്‌കത്ത്: രാജ്യത്തെ പൊതു സേവന രംഗം കാര്യക്ഷമവും വേഗതയുള്ളതുമാക്കാന്‍ യൂറോപ്യന്‍ ഭരണ നിര്‍വഹണ സംവിധാനം നടപ്പിലാക്കാന്‍ നിര്‍ദേശം. സിവില്‍ സര്‍വീസ് മന്ത്രാലയമാണ് രാജ്യത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളോട് യൂറോപ്യന്‍ ക്വാളിറ്റി മാനേജ്‌മെന്റ് രീതി നടപ്പിലാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പൊതു സേവന രംഗത്തെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം സര്‍കുലറില്‍ പറയുന്നു.
സിവില്‍ സര്‍വീസ് മന്ത്രി ശൈഖ് ഖാലിദ് ബന്‍ ഉമര്‍ അല്‍ മര്‍ഹൂന്‍ ആണ് ഇതു സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചത്. “യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്‌മെന്റ്” എന്നു വിളിക്കുന്ന രീതിയാണ് രാജ്യത്ത് പ്രയോഗത്തില്‍ വരുത്തുന്ന്. യൂറോപ്പില്‍ 30,000ലധികം സ്ഥാപനങ്ങളില്‍ നടപ്പിലാക്കി വിജയിച്ച രീതിയാണിത്. 1999ലാണ് ഈ സംവിധാനം ആരംഭിച്ചത്. എട്ടു അടിസ്ഥാന ആശയങ്ങളിലൂന്നിയുള്ളതാണ് രീതി.
സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് നിരന്തരം വളര്‍ത്തുകയും ലക്ഷ്യങ്ങള്‍ അതിവേഗം നേടിയെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശൃംഖലകള്‍ സൃഷ്ടിച്ച് പരസ്പരം ആശയങ്ങള്‍ കൈമാറുന്നതിനൊപ്പം പരിശീലനം, അംഗീകാരം, മികച്ച രീതികള്‍ സ്വീകരിക്കുന്നതിനുള്ള പിന്തുണ എന്നിവയും സിസ്റ്റം ഉറപ്പു വരുത്തുന്നു.
ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ലാഭരഹിത പ്രസ്ഥാനമായാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ആജ്ഞകളില്ലാത്ത ഭരണ സംവിധാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന രീതി യൂറോപ്പില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.
ജീവനക്കാര്‍ക്ക് തങ്ങളുടെ തൊഴില്‍ വ്യക്തിത്വം വികസിപ്പിക്കുന്നിനും മികച്ച രീതിയില്‍ സേവനം നടത്തുന്നതിനും കഴിയുന്നതാണ് യൂറോപ്യന്‍ രീതിയെന്ന് മന്ത്രി വിശദീകരിച്ചു. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന ധാരണയിലേക്ക് മുഴുവന്‍ സ്ഥാപനങ്ങളെയും ജീവനക്കാരെയും കൊണ്ടു വരാന്‍ കഴിയും. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനവും മികവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളും സൃഷ്ടിക്കുകയും അംഗീകാരം നല്‍കുകയും ചെയ്യുന്നതില്‍ ശ്രദ്ധിച്ചു വരുന്ന മന്ത്രാലയം പുലര്‍ത്തുന്ന മാനവവിഭവ നയയത്തിന്റെകൂടി ഭാഗമായാണ് പുതി രീതി നടപ്പിലാക്കുന്നതെന്ന് മന്ത്രി ശൈഖ് ഖാലിദ് പറഞ്ഞു.