ട്രിപ്പിള്‍ ബോള്‍ട്ട്… ജമൈക്ക

Posted on: August 18, 2013 8:19 pm | Last updated: August 18, 2013 at 11:15 pm

മോസ്‌കോ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ ആധിപത്യത്തിന് വിരാമമിട്ട് ആതിഥേയരായ റഷ്യ കിരീടം സ്വന്തമാക്കി. ഏഴ് സ്വര്‍ണങ്ങള്‍ നേടിയാണ് റഷ്യം കിരീടം നേടിയത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കക്ക് ആറ് സ്വര്‍ണമാണ് നേടാന്‍ സാധിച്ചത്. സ്പ്രിന്റിനങ്ങള്‍ തൂത്തുവാരി ജമൈക്കയും ആറ് സ്വര്‍ണത്തോടെ മൂന്നാം സ്ഥാനത്തെത്തി. അവസാന ദിനത്തില്‍ റഷ്യക്കും അമേരിക്കക്കും സുവര്‍ണ നേട്ടമുണ്ടാക്കാനായില്ല. അതേ സമയം മൊത്തം മെഡല്‍ നേട്ടത്തില്‍ അമേരിക്കയാണ് മുന്നില്‍ 13 വെള്ളി, ആറ് വെങ്കലമുള്‍പ്പെടെ 25 മെഡലുകളാണ് അവര്‍ നേടിയത്. നാല് വെള്ളി, ആറ് വെങ്കലം എന്നിവയും റഷ്യ തങ്ങളുടെ ശേഖരത്തിലെത്തിച്ചു. കെനിയ അഞ്ച് സ്വര്‍ണവും ജര്‍മനി നാല് സ്വര്‍ണവും നേടി. എത്യോപ്യ, ബ്രിട്ടന്‍ എന്നിവര്‍ മൂന്ന് വീതം സ്വര്‍ണവും ചെക് റിപ്പബ്ലിക്, ഉക്രൈന്‍ എന്നിവര്‍ രണ്ട് വീതം സ്വര്‍ണവും നേടി. ഫ്രാന്‍സ്, പോളണ്ട്, കൊളംബിയ, ക്രൊയേഷ്യ, അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, സ്വീഡന്‍, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, ഉഗാണ്ട ടീമുകള്‍ ഒരു സ്വര്‍ണവും സ്വന്തമാക്കി.
അവസാന ദിവസത്തില്‍ നടന്ന വനിതകളുടെ 800 മീറ്ററില്‍ നിലവിലെ ഒളിമ്പിക്, ലോക ചാമ്പ്യന്‍ മരിയ സവിനോവയെ അട്ടിമറിച്ച് കെനിയയുടെ എനിസ് സമിന് സ്വര്‍ണം. 1:57.38 സെക്കന്റിനാണ് കെനിയന്‍ താരം സുവര്‍ണ നേട്ടത്തിലേക്ക് കുതിച്ചത്. സവിനോവ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അമേരിക്കയുടെ ബ്രെന്‍ഡ മാര്‍ട്ടിനെസിനാണ് വെങ്കലം.
പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജമ്പില്‍ ഫ്രാന്‍സിന്റെ ടെഡ്ഡി ടാംഗോക്ക് സ്വര്‍ണം. 18.04 മീറ്റര്‍ താണ്ടിയാണ് ഫ്രഞ്ച് താരം സ്വര്‍ണ നേട്ടത്തിനുടമയായത്. 18 മീറ്റര്‍ കടക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമെന്ന പെരുമയും സ്വന്തം പേരിലെഴുതിയാണ് ടാംഗോ കുതിച്ചത്. 1995ല്‍ ബ്രിട്ടന്റെ ജൊനാഥന്‍ എഡ്വേഡ്‌സ് സ്ഥാപിച്ച 18.29 മീറ്ററാണ് ഈയിനത്തില്‍ നിലവിലെ ലോക റെക്കോര്‍ഡ്. അമേരിക്കയുടെ കെന്നി ഹാരിസണ്‍ 1996ലെ അറ്റാലന്റ ഒളിമ്പിക്‌സില്‍ 18.09 മീറ്റര്‍ കുറിച്ചിരുന്നു. ക്യൂബയുടെ പെട്രോ പിച്ചാര്‍ഡോ വെള്ളിയും അമേരിക്കയുടെ വില്‍ ക്ലെ വെങ്കലവും നേടി.
കെനിയയുടെ അസ്‌ബെല്‍ കിപ്‌റോപ് 1500 മീറ്റര്‍ സ്വര്‍ണം നിലനിര്‍ത്തി. മൂന്ന് മിനുട്ട് 36.38 സെക്കന്റിന് ഫിനിഷ് ചെയ്താണ് കെനിയന്‍ താരത്തിന്റെ കുതിപ്പ്. നിലവിലെ 1500ലെ ലോക ചാമ്പ്യനായ കിപ്‌റോപ് 2008 ബീജിംഗ് ഒളിമ്പിക്‌സിലെയും സുവര്‍ണ താരമാണ്. അമേരിക്കയുടെ മാത്യു സെന്‍ട്രോവിറ്റ്‌സ് വെള്ളിയും (3:36.78), ദക്ഷിണാഫ്രിക്കയുടെ ജോണ്‍ ക്രോണ്യെ വെങ്കലവും (3:36.83) നേടി.
വനിതകളുടെ ജാവലിന്‍ ത്രോയില്‍ ജര്‍മനിയുടെ ക്രിസ്റ്റിന ഒബെര്‍ഗ്‌ഫോള്‍ സ്വര്‍ണം സ്വന്തമാക്കി. മുമ്പ് നടന്ന ലോക, യൂറോപ്യന്‍, ഒളിമ്പിക് ചാമ്പ്യന്‍ഷിപ്പുകളില്‍ വെള്ളിയും വെങ്കലവുമായി തൃപ്തിപ്പെടേണ്ടി വന്ന ജര്‍മന്‍ താരം ഇവിടെ 69.05 മീറ്റര്‍ എറിഞ്ഞാണ് സുവര്‍ണ താരമായത്. ആസ്‌ത്രേലിയയുടെ കിമ്പര്‍ലി മിഖേല്‍ വെള്ളിയും റഷ്യയുടെ മരിയ അബക്കുമോവ വെങ്കലവും നേടി.
വനിതകളുടെ 4+400 മീറ്റര്‍ റിലേയില്‍ റഷ്യന്‍ വനിതകള്‍ അട്ടിമറി വിജയം സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് ലോക മീറ്റിലും ഈ ഇനത്തിലെ സ്വര്‍ണ ജേതാക്കാളയിരുന്ന അമേരിക്കന്‍ വനിതകളെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റഷ്യ സ്വര്‍ണം നേടിയത്. ഇതിന് മുമ്പ് 2005ല്‍ ഹെല്‍സിങ്കി ലോക മീറ്റിലായിരുന്നു റഷ്യന്‍ കുതിപ്പുണ്ടായിരുന്നത്. യൂലിയ ഗുഷ്ചിനയാണ് കുതിപ്പിന് തുടക്കമിട്ടത്. രണ്ടാമതായി തത്യാന ഫിറോവയും മൂന്നാം ലൈനില്‍ സെനിയ റിസ്‌ഹോവയും ബാറ്റണേന്തി. സുവര്‍ണ നേട്ടം ഫിനിഷ് ചെയ്തത് ആഷ്‌ലി സെപ്ന്‍സറായിരുന്നു. നിലവിലെ ജേതാക്കളായിരുന്ന അമേരിക്കക്ക് പ്രധാന താരങ്ങളുടെ അഭാവമാണ് തിരിച്ചടിയായത്. സാന്യ റിച്ചാര്‍ഡ്‌സ്, റോസ്, അല്ലിസന്‍ ഫെലിക്‌സ് എന്നിവരുടെ അഭാവത്തില്‍ പുതിയ ടീമിനെയാണ് യു എസ് എ രംഗത്തിറക്കിയത്. എങ്കിലും വെള്ളി നേട്ടം അവര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ട്. ഈയിനത്തില്‍ വെങ്കലം ബ്രിട്ടന്‍ സ്വന്തമാക്കി.
പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ പുതിയ ചാമ്പ്യന്‍. ചെക് റിപ്പബ്ലിക്കിന്റെ വിറ്റ്‌സ്‌ലേവ് വെസലിയാണ് ഏവരെയും അമ്പരപ്പിച്ച് സ്വര്‍ണം സ്വന്തമാക്കിയത്. 87.17 മീറ്റര്‍ എറിഞ്ഞാണ് ചെക് താരം ഒന്നാമതെത്തിയത്. നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാക്കോയുടെ കെഷോന്‍ വാല്‍ക്കോട്ടിന് ഇവിടെ ഫൈനലിലെത്താന്‍ സാധിച്ചില്ല. മുന്‍ ലോക ചാമ്പ്യനായ ഫിന്‍ലന്‍ഡിന്റെ ടെറോ പിറ്റ്കാമകി വെള്ളിയും റഷ്യയുടെ ദിമിത്രി ടറബിന്‍ വെങ്കലവും നേടി. ഇരട്ട ഒളിമ്പിക് ചാമ്പ്യനായിരുന്ന ആന്‍ഡ്രേസ് തോര്‍കില്‍ഡ്‌സന് ഏഴാം സ്ഥാനമാണ് നേടിയത്.