Connect with us

Idukki

കുറ്റപത്രം തയ്യാറാക്കാന്‍ അന്വേഷണ സംഘം വെല്ലൂരിലേക്ക്

Published

|

Last Updated

തൊടുപുഴ: പിതാവിന്റയും രണ്ടാനമ്മയുടെയും പീഡനത്തിനു വിധേയനായ ഷെഫീഖിന്റെ കേസില്‍ രണ്ട് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടായതായി വിവരം ലഭിച്ചതോടെ അടുത്ത ആഴ്ച ഷെഫീഖില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കുമളി സി ഐ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വെല്ലൂരിലേക്ക് പുറപ്പെടും.
കുമളി ചെങ്കര സ്വദേശി പുത്തന്‍പുരക്കല്‍ ഷെരീഫ്(27) ഇയാളുടെ രണ്ടാം ഭാര്യ അനീഷ(26) എന്നിവര്‍ ചേര്‍ന്ന് ഷെഫീഖ്(5), ഷെഫിന്‍(7) എന്നീ കുട്ടികളെ ക്രൂരമായി ശാരീരിക പീഡനത്തിനു വിധേയമാക്കി എന്നാണ് കേസ്. ഷെരീഫിന്റെ ആദ്യ ഭാര്യയുടെ മക്കളാണ് ഇവര്‍.
കഴിഞ്ഞ 16ന് മരണാസന്നനായി ഷെഫീഖിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിഞ്ചു കുട്ടികള്‍ നിരന്തരം പീഡനത്തിനിരയായതായി കണ്ടെത്തിയത്. ഇരുമ്പ് പൈപ്പ് ഉപയോഗിച്ചു കാലുകള്‍ തല്ലിയൊടിച്ചതായും തിളപ്പിച്ച വെള്ളം നിറച്ച സ്റ്റീല്‍ കപ്പ് കൈത്തണ്ടകളില്‍ വെച്ച് പൊള്ളിക്കുമായിരുന്നുവെന്നും പോലീസ് കണ്ടെത്തിയത്.
ഷെഫിനെയും ഷെഫീഖിനെയും പീഡിപ്പിച്ചതിന് രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത് സാക്ഷികളാണ് പോലീസിനു മൊഴി നല്‍കിയത്.
ഇതില്‍ മൂന്ന് പേര്‍ ദൃക്‌സാക്ഷികളാണ്. ഷെഫിനെ പീഡിപ്പിച്ച കേസില്‍ ഒരു മാസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.