സോളാര്‍: ആന്റോ ആന്റണി എം പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് ഫ്രണ്ട്

Posted on: August 18, 2013 10:13 am | Last updated: August 18, 2013 at 1:30 pm
SHARE

കാഞ്ഞിരപ്പള്ളി: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ആന്റോ ആന്റണി എം പിയെയും രണ്ട് സഹോദരന്മാരെയും ഉള്‍പ്പെടുത്തണമെന്ന് യൂത്ത് ഫ്രണ്ട് (എം) ആവശ്യപ്പെട്ടു.
സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചുകൊണ്ട് ജനങ്ങളുടെ പണം കൊള്ളയടിക്കാന്‍ നടന്ന ശ്രമത്തിന്റെ ബുദ്ധികേന്ദ്രം ആന്റോ ആന്റണിയും സഹോദരന്മാരുമാണെന്നാണ് ആരോപണം. തട്ടിപ്പ് നടത്താനായി ബിജു രാധാകൃഷ്ണനും സരിതയും ഉണ്ടാക്കിയ സോളാര്‍ കമ്പനിയില്‍ ആന്റോ ആന്റണിക്കും കോണ്‍ഗ്രസ് സഹകരണ യൂനിയന്റെ നേതാവ് കൂടിയായ സഹോദരനും പണം നിക്ഷേപിച്ചിട്ടുണ്ട്. സര്‍ക്കാറിലുള്ള സ്വാധീനം ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനായി സോളാര്‍ പാനല്‍ നിര്‍മാണകേന്ദ്രം, എം പിയും സഹോദരനും സജി എന്ന ആളിന്റെ പങ്കാളിത്ത്വത്തോടെ ഈരാറ്റുപേട്ട തേവരുപാറയില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു.
സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണ സംഘത്തില്‍ ഉന്നത സ്വാധീനം ചെലുത്തിയാണ് അന്വേഷണ പരിധിയില്‍ നിന്ന് എം പിയും സഹോദരന്മാരും ഒഴിഞ്ഞു നില്‍ക്കുന്നത്. മലബാറില്‍ നിന്ന് മന്ത്രിസഭയില്‍ അംഗമായ കോട്ടയം ജില്ലക്കാരനായ ഒരു കോണ്‍ഗ്രസ് നേതാവാണ് എം പിയെയും സഹോദരന്മാരെയും സംരക്ഷിക്കുന്നത്. ഇക്കാര്യവും ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം. സോളാര്‍ തട്ടിപ്പ് കമ്പനിയുടെ രൂപവത്കരണത്തിന് ശേഷം അഞ്ച് വര്‍ഷത്തിനിടയില്‍ എത്ര വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട് എന്ന് പരസ്യപ്പെടുത്താന്‍ ആന്റോ ആന്റണിയെ വെല്ലുവിളിക്കുന്നു.
കോട്ടയം ഡി സി സി പ്രസിഡന്റ് ആയ ശേഷം ആന്റോ ആന്റണിയും സഹോദരന്മാരും ചേര്‍ന്ന് കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇവര്‍ ആരോപിക്കുന്നു. വാഗമണ്‍ വഴിക്കടവിലും മൂന്നിലവിലും മാത്രം ഒരു വര്‍ഷത്തിനിടയില്‍ ഇവര്‍ വാങ്ങിക്കൂട്ടിയത് ഏക്കറു കണക്കിന് ഭൂമിയാണ്. കട്ടപ്പനക്കടുത്ത് ആനവിലാസത്ത് ഏലം എസ്റ്റേറ്റ് സ്വന്തമായുണ്ട്. ആറോളം ആഡംബര കാറുകളാണ് എം പിക്കും സഹോദരന്മാര്‍ക്കും ഉള്ളത്. ആന്റോ ആന്റണി കഞ്ഞിക്കുഴിയില്‍ പണിത പഞ്ചനക്ഷത്ര വില്ലയില്‍ സഹോദരന്മാര്‍ നാട്ടില്‍ പണിതിരിക്കുന്ന രണ്ട് മണിമാളികകളും മാധ്യമപ്രവര്‍ത്തകരെ കാണിക്കണമെന്നും യൂത്ത്ഫ്രണ്ട് ആവശ്യപ്പെട്ടു. കുടുംബ സ്വത്തോ ബിസിനസുകളുടെ നടത്തിപ്പോ മറ്റ് വേറെ വരുമാന മാര്‍ഗങ്ങളോ ഇല്ലാതെ ഇത്രയും പണം എവിടുന്നാണ് സമ്പാദിച്ചത് എന്ന് എം പി ജനങ്ങളോട് തുറന്നു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here