ഓണവിപണി: പച്ചക്കറി വില കുതിച്ചുയരുന്നു

Posted on: August 18, 2013 8:21 am | Last updated: August 18, 2013 at 8:23 am
SHARE

vege

തിരുവനന്തപുരം: ഓണത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ, പച്ചക്കറിവില കുതിച്ചുയരുന്നു. സാധാരണക്കാരന് ഇത്തവണ ഓണമാഘോഷിക്കണമെങ്കില്‍ സദ്യയില്‍ പലയിനങ്ങളും ഒഴിവാക്കേണ്ട അവസ്ഥയാണുള്ളത്. മുളകിന്റെയും സവാളയുടെയും വില കേട്ടാല്‍ തന്നെ കണ്ണെരിയും. പാവക്കക്ക് രുചിപോലെ തന്നെ കയ്‌പേറിയ വിലയുമാണ്.

ആശ്വാസമായത് തക്കാളിയും കാരറ്റും മാത്രമാണ്. മറ്റുള്ള പച്ചക്കറി ഇനങ്ങള്‍ക്കെല്ലാം വില നിയന്ത്രണമില്ലാതെ കുതിക്കുകയാണ്. മുപ്പത് മുതല്‍ അമ്പത് വരെ ശതമാനമാണ് വില വര്‍ധന. 40 രൂപയായിരുന്ന സവാളക്ക് ഇപ്പോള്‍ 62 രൂപയായി. ഹോര്‍ട്ടികോര്‍പ്പ് 42 രൂപക്കാണ് സവാള വില്‍ക്കുന്നത്.
എന്നാല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഹോര്‍ട്ടികോര്‍പ് ഒരാള്‍ക്ക് രണ്ട് കിലോ സവാള മാത്രമേ നല്‍കൂ എന്ന് അറിയിച്ചിട്ടുണ്ട്. സവാളക്കൊപ്പം ചെറിയ ഉള്ളിയുടെയും വില കുതിക്കുകയാണ്. 55 രൂപ മുതല്‍ 60 രൂപ വരെയാണ് ചെറിയ ഉള്ളിക്ക് വില. ഓണമടുത്തതോടെ കായ വറുത്തതിനും ശര്‍ക്കര ഉപ്പേരിക്കും പൊള്ളുന്ന വിലയാണ്. റമസാനില്‍ ഉയര്‍ന്ന ഏത്തക്കായ വില കുറച്ചുകൂടി ഉയര്‍ന്ന് 55 രൂപ മുതല്‍ 65 രൂപ വരെയായി.
ഏത്തപ്പഴത്തിനും ഇതിനനുസരിച്ച് വില കുതിക്കുകയാണ്. രസകദളിക്ക് 60 രൂപ വരെ ഈടാക്കുന്നുണ്ട്. ഇഞ്ചിക്ക് കിലോക്ക് 225 രൂപയായി. കറിയിലിടാന്‍ നൂറ് ഗ്രാം ഇഞ്ചി പോലും വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. പതിവില്ലാതെ പച്ചക്കപ്പയുടെ വിലയും കുതിക്കുകയാണ്. കിലോക്ക് 25 മുതല്‍ 30 വരെയാണ് വില. വില വര്‍ധന കപ്പക്കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
മറ്റ് പച്ചക്കറിയിനങ്ങള്‍ക്കും യാതൊരു നിയന്ത്രണവുമില്ലാതെയാണ് വില കുതിക്കുന്നത്. ചെറിയ മുളക് കിലോ-60, വലിയ മുളക്-80, കാരറ്റ്-50, ബീന്‍സ്-40, ചേമ്പ്-40, കോവയ്ക്ക-50, ഉരുളക്കിഴങ്ങ്-28, കാബേജ്-32, ചേന-32, വെണ്ട-28, വഴുതന-40, വെള്ളരി-28, പടവലം-28 എന്നിങ്ങനെയാണ് ചില്ലറ വിപണിയില്‍ വില. ഓണം എത്താറായിട്ടും പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില കുറക്കുന്നതിന് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങളൊന്നും നടക്കുന്നില്ല.
തമിഴ്‌നാട്ടില്‍ വരള്‍ച്ചയും വിളനാശവും ഉണ്ടായതാണ് കേരളത്തില്‍ പച്ചക്കറി വിലക്ക് തിരിച്ചടിയായത്. തമിഴ്‌നാട്ടില്‍ പ്രതിസന്ധിയായതോടെ മൊത്തവ്യാപാരികള്‍ കൂട്ടത്തോടെ കര്‍ണാടകയിലേക്ക് ചേക്കേറി. ആവശ്യക്കാരേറിയതോടെ അവരും വിലകൂട്ടി. തമിഴ്‌നാട്ടില്‍ നിന്ന് കിലോക്ക് ഒന്നര രൂപ ഗതാഗത ചെലവില്‍ പച്ചക്കറി കൊണ്ടുവരാം. കര്‍ണാടകയില്‍ നിന്നാകുമ്പോള്‍ അത് നാല് രൂപയായി ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കേരളത്തില്‍ നിന്നെത്തുന്ന കച്ചവടക്കാര്‍ക്ക് കര്‍ഷകര്‍ വിപണി വിലയേക്കാള്‍ കുറച്ചാണ് പച്ചക്കറി നല്‍കുന്നത്. എന്നാല്‍ മൊത്തക്കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും ചൂഷണം തുടരുന്നതിനാല്‍ ഉത്സവ ദിനങ്ങളില്‍ വരാനിരിക്കുന്നത് ഇതിലും വലിയ വിലക്കയറ്റമാകും.