Connect with us

Kerala

പിണറായിയുടെ നിലപാടിന് വി എസിന്റെ തിരുത്ത്‌

Published

|

Last Updated

ന്യൂഡല്‍ഹി/തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ച നിലപാടിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ തിരുത്ത്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത് ശരിയായ പഠനം നടത്തിയാണെന്ന് വി എസ് വ്യക്തമാക്കി. ലാവ്‌ലിന്‍ കേസില്‍ ഇ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത് ആഴത്തിലുള്ള പഠനം നടത്തിയല്ലെന്ന് പിണറായിയുടെ അഭിഭാഷകന്‍ സി ബി ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു വി എസിന്റെ പ്രതികരണം.
എല്‍ ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച ഇ ബാലാന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വാദങ്ങളാണ് പിണറായി വിജയനുവേണ്ടി ഹാജരായ എം കെ ദാമോദരന്‍ കോടതിയില്‍ നിരത്തിയിരുന്നത്. ആഴത്തിലുള്ള പഠനം കമ്മിറ്റി നടത്തിയിട്ടില്ല. ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാനുള്ള നിയമപരമായ ബാധ്യത സര്‍ക്കാരിനില്ലെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.
അതേസമയം, സോളാര്‍ വിഷയത്തില്‍ നിയമപോരാട്ടത്തിനു വി എസിന് കേന്ദ്ര കമ്മിറ്റി യോഗം പൂര്‍ണ പിന്തുണ അറിയിച്ചു. കേസ് നടത്തിപ്പ് സംബന്ധിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തും. സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ച രീതിയില്‍ വി എസ് വിയോജിപ്പ് പ്രകടിപ്പിച്ചതായി സൂചനയുണ്ടെങ്കിലും അദ്ദേഹം അത് നിഷേധിച്ചു. സംഘടനാ പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള പി ബി കമ്മീഷന്റെ സന്ദര്‍ശനം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. കമ്മീഷന്റെ സന്ദര്‍ശനം ഉപേക്ഷിക്കരുതെന്നും തെളിവെടുപ്പ് വേണമെന്നും കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വി എസ് ആവശ്യപ്പെട്ടു. പി ബി കമ്മീഷന്റെ സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്ര നേതൃത്വം ഉടന്‍ തീരുമാനമെടുക്കുമെന്നും വി എസ് പിന്നീട് പ്രതികരിച്ചു.