സ്‌കൂളുകളിലെ അധ്യാപക തസ്തികാ നിര്‍ണയം പൂര്‍ത്തിയായില്ല

Posted on: August 17, 2013 12:36 am | Last updated: August 17, 2013 at 12:36 am
SHARE

അരീക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക തസ്തികാ നിര്‍ണയം അനിശ്ചിതമായി നീളുന്നു. വിദ്യാര്‍ഥികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ (യു ഐ ഡി) അപ്‌ലോഡിംഗ് കഴിഞ്ഞാല്‍ ജൂലൈ 31 നകം തസ്തികാ നിര്‍ണയം നടത്തും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

ജൂലൈ രണ്ടിന് ചേര്‍ന്ന അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്. തസ്തിക നിര്‍ണയത്തിന് വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള അധ്യാപക വിദ്യാര്‍ഥി അനുപാതം മാനദണ്ഡമാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പമാണ് തസ്തിക നിര്‍ണയം അനിശ്ചിതമായി നീളാന്‍ കാരണമെന്നാണ് കരുതുന്നത്. 1:45 എന്ന നിലവിലുള്ള രീതിയനുസരിച്ച് തസ്തിക നിര്‍ണയിച്ച ശേഷം ഡിവിഷന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ എല്‍ പി വിഭാഗത്തില്‍ 1:30 എന്ന അനുപാതത്തിലും യു പി, ഹൈസ്‌കൂള്‍ തലത്തില്‍ 1:35 എന്ന അനുപാതത്തിലും തസ്തിക നിര്‍ണയിക്കുമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.
പുതിയ രീതി നടപ്പാക്കുമ്പോള്‍ സര്‍ക്കാറിന് വലിയ സാമ്പത്തിക ബാധ്യത വരുമെന്നതിനാല്‍ ഈ ആനുകൂല്യം എയ്ഡഡ് മേഖലയില്‍ മാത്രമായി പരിമിതപ്പെടുത്താനുള്ള ആലോചനയുണ്ട്. ഇത് സര്‍ക്കാര്‍ മേഖലയില്‍ പതിനായിരത്തോളം തസ്തികകള്‍ നഷ്ടപ്പെടാനിടയാക്കും.
മൂന്ന് വര്‍ഷമായി സംസ്ഥാനത്ത് അധ്യാപക തസ്തികകള്‍ നിര്‍ണയിച്ചിട്ടില്ല. തലയെണ്ണി തസ്തിക നിര്‍ണയിക്കുന്ന രീതി 2010ല്‍ അവസാനിപ്പിക്കുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിത്തുടങ്ങിയത് മുതലാണ് അധ്യാപക തസ്തികാ നിര്‍ണയം സംബന്ധിച്ച അനിശ്ചിതത്വം ഉടലെടുത്തത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്ന് മുതല്‍ അഞ്ച് വരെ 1:30 എന്ന അനുപാതത്തിലും ആറ് മുതല്‍ എട്ട് വരെ 1:35 എന്ന അനുപാതത്തിലും സ്‌കൂള്‍ ഒരു യൂനിറ്റായി കണ്ടാണ് അധ്യാപക തസ്തികകള്‍ നിര്‍ണയിക്കേണ്ടത്. എന്നാല്‍ സ്‌കൂള്‍ ഒരു യൂനിറ്റായി കണ്ട് അധ്യാപകരുടെ എണ്ണം കണക്കാക്കുന്ന രീതി കേരളത്തിന് അനുയോജ്യമല്ലെന്ന വിമര്‍ശം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തസ്തിക നിര്‍ണയം നിര്‍ത്തിവെച്ചത്.
കെ ഇ ആര്‍ അനുസരിച്ചുള്ള 1:45 എന്ന അനുപാതം നിലവില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് ബാധകം. എയ്ഡഡ് സ്‌കൂളുകളില്‍ തസ്തിക നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ഇത് 1:40 ആയി ഇളവ് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള 1:30, 1:35 ആനുകൂല്യവും എയ്ഡഡ് മേഖലക്ക് മാത്രമായി പരിമിതപ്പെടുത്തിയാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ തകര്‍ച്ചയായിരിക്കും ഫലമെന്നാണ് സര്‍ക്കാര്‍ മേഖലയിലെ അധ്യാപകര്‍ പറയുന്നത്.