Connect with us

Kozhikode

ഷൊര്‍ണുര്‍- മംഗലാപുരം പാത വൈദ്യുതീകരണം വൈകും

Published

|

Last Updated

കോഴിക്കോട്:ഷൊര്‍ണുര്‍- മംഗലാപുരം പാതയുടെ വൈദ്യൂതീകരണ പ്രവൃത്തികള്‍ തീരാന്‍ ഇനിയും രണ്ട് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന റെയില്‍വേക്ക് വൈദുതീകരണ പ്രവൃത്തികള്‍ നിശ്ചയിച്ച കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇതോടെ പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് അടുത്ത റെയില്‍വേ ബജറ്റിലും പരിഗണന ഉണ്ടാകില്ലെന്ന് ഉറപ്പായി.

ഷൊര്‍ണുര്‍-മംഗലാപുരം പാത വൈദ്യൂതീകരണവുമായി ബന്ധപ്പെട്ട പരിശോധനക്കായി കേരളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2016 ഓടെ മാത്രമേ ഷൊര്‍ണൂര്‍ – മംഗലാപുരം പാതയുടെ വൈദ്യൂതീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. 2014 ഒക്‌ടോബറില്‍ പണി പൂര്‍ത്തിയാക്കണമെന്നാണ് മുന്‍പ് നിശ്ചയിച്ചത്. എന്നാല്‍ സാധന സാമഗ്രികള്‍ യഥാസമയം എത്താത്തതും മേഖലാ സബ് സ്‌റ്റേഷനുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിലുണ്ടായ കാലതാമസവുമാണ് വൈദ്യൂതീകരണ പ്രവൃത്തികളെ പ്രതിസന്ധിയിലാക്കിയത്. കോഴിക്കോട് വരെയുള്ള വൈദ്യൂതീകരണ പ്രവൃത്തികള്‍ 2014 ഓടുകൂടി തീര്‍ക്കാനാകുമെന്ന് മാത്രമാണ് മിശ്ര ചര്‍ച്ചയില്‍ പങ്കെടുത്ത എം കെ രാഘവന്‍ എം പിക്ക് നല്‍കിയ ഉറപ്പ്. പാത വൈദ്യൂതീകരണം പുര്‍ത്തിയാക്കി ഇലക്ട്രീക് ട്രെയിനുകള്‍ സര്‍വീസ് നടത്തി പരിശോധന നടത്തുമ്പോഴേക്കും വീണ്ടും കാലതാമസം നേരിടും. ഷൊര്‍ണൂരിനും കാരക്കാടിനും ഇടയിലുള്ള പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. ഓണം കഴിഞ്ഞതിനുശേഷം മാത്രമേ ഇത് പുനരാരംഭിക്കുകയുള്ളു. പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ തുടങ്ങിയാല്‍ ട്രെയിനുകള്‍ പലതും റീഷെഡ്യൂള്‍ ചെയ്യേണ്ടിവരുമെന്നും അതിനാലാണ് പ്രവൃത്തി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഇരട്ടിപ്പിക്കല്‍ പ്രവൃത്തി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. അലഹാബാദ് ആസ്ഥാനമായുള്ള സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയില്‍ ഇലക്ര്ടിഫിക്കേഷനാണ് പാത വൈദ്യുതീകരണ പ്രവൃത്തി നടത്തുന്നത്.