Connect with us

Kozhikode

കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പ്: സരിതയെയും ബിജുവിനെയും റിമാന്‍ഡ് ചെയ്തു

Published

|

Last Updated

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ഇരുവരെയും 27 വരെ മജിസ്‌ട്രേറ്റ് ടി റ്റി ജോര്‍ജ് റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് അസോസിയേറ്റഡ് സ്റ്റീല്‍സ് യാര്‍ഡ് ഉടമ അബ്ദുല്‍ മജീദിന്റെ 42. 70 ലക്ഷം രൂപ തട്ടിയ കേസ് പരിഗണിക്കവെയാണ് ഇരുവരുടെയും ജാമ്യ ഹരജി തള്ളി കോടതി റിമാന്‍ഡിലാക്കിയത്. കസ്റ്റഡി കാലാവധി തീര്‍ന്നതോടെ ഇന്നലെ ഉച്ച ക്ക് ഒരു മണിയോടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഡി വൈ എസ് പി ജയ്‌സണ്‍ കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

അമ്മയോടും മക്കളോടും സംസാരിക്കണമെന്ന സരിതയുടെ ആവശ്യം കോടതി പരിഗണിച്ചു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ജയ്‌സണ്‍ കെ എബ്രഹാമിന്റെ സാന്നിധ്യത്തില്‍ സരിത കോടതി ഓഫീസില്‍ അഞ്ച് മിനിട്ട് നേരം അമ്മയുമായി സംസാരിച്ചു. മക്കളെ നല്ലവണ്ണം നോക്കണമെന്ന് വികാരാധീനയായാണ് സരിത ഫോണില്‍ അമ്മയോട് സംസാരിച്ചത്. ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കരുതെന്ന പ്രോസിക്യുഷന്‍ വാദം തള്ളിയാണ് കോടതി അനുമതി നല്‍കിയത്.
60 ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. സരിതക്കെതിരെയും ബിജുവിനെതിരെയും 33 കേസുകള്‍ ഉള്ളതിനാലും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാലും ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. അതേസമയം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു. ആലുവാ കോടതിയുടെ പരിഗണനയിലുള്ള വിവിധ കേസുകളില്‍ ഇതുവരെ തീര്‍പ്പുണ്ടായിട്ടില്ലെന്ന ബിജു രാധാകൃഷ്ണന്റെ പരാതി ഇവിടെ പറഞ്ഞിട്ട് കാര്യമില്ലെന്നും അത് ആ കോടതിയില്‍ പരാതിയായി നല്‍കാമെന്നും കോടതി നിര്‍ദേശിച്ചു.
എരഞ്ഞിക്കല്‍ സ്വദേശിയായ വ്യാപാരിയില്‍ നിന്ന് 12 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ എലത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിതയെയും ബിജുവിനെയും ഇന്ന് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കും. എരഞ്ഞിക്കല്‍ മൊകവൂര്‍ ലിസി വില്ലയില്‍ വില്‍സണ്‍ സൈമണില്‍ നിന്ന് സോളാര്‍ പാനലുകളുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇരുവരും ചേര്‍ന്ന് 12 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.