Connect with us

Kerala

ഇന്ന് കര്‍ഷക ദിനം: കന്നട മണ്ണില്‍ പൊന്ന് വിളയിച്ച് മലപ്പുറത്തെ യുവാക്കള്‍

Published

|

Last Updated

ഗുണ്ടല്‍പ്പേട്ട്: നാടുകാണി ചുരമേറി ഗൂഡല്ലൂരും കഴിഞ്ഞ് ഗുണ്ടല്‍ പേട്ടിലെത്തുമ്പോള്‍ പച്ചവിരിച്ച കൃഷിയിടങ്ങള്‍ ആരും ഒന്നു നോക്കിപ്പോകും. ഏക്കര്‍ കണക്കിന് വിസ്തൃതിയില്‍ സൂര്യകാന്തിപ്പൂക്കളും ഉള്ളിപ്പാടങ്ങളും തക്കാളി കൃഷിയുമായി വയലേലകളില്‍ കര്‍ഷകരെയും കാണാം. ചുരം കയറി അത്യധ്വാനത്തിന്റെ വേരുകള്‍ പടര്‍ത്തി നേട്ടംകൊയ്യുന്ന മലയാളി കര്‍ഷകരും ഇക്കൂട്ടത്തിലുണ്ട്. മലപ്പുറം മഞ്ചേരി സ്വദേശികളായ മുജീബ്, അജീര്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഇവിടത്തെ പുതുതലമുറ കര്‍ഷകരില്‍ ചിലരാണ്. വാഹനവില്‍പ്പനക്കിടയില്‍ ജോലിചെയ്തിരുന്ന മഞ്ചേരി ചെറുവണ്ണൂര്‍ സ്വദേശി മുജീബും തുറക്കല്‍ അബ്ദുല്‍ ഗഫൂറും കാരക്കുന്ന് അജീറും തങ്ങളുടെ മറ്റുജോലികള്‍ മാറ്റിവെച്ചാണ് കന്നട മണ്ണില്‍ കൃഷിയിറക്കാനെത്തിയത്.

നാട്ടില്‍ പലകുറി ശ്രമിച്ചിട്ടും പച്ചപിടിക്കാതെ പോയ കൃഷി സ്വപ്‌നങ്ങളാണ് ഈ യുവാക്കള്‍ കന്നട മണ്ണില്‍ പൂവണിയിക്കുന്നത്.ചാമരാജ് ജില്ലയിലെ ഗുണ്ടല്‍പേട്ട അങ്ങാടിയോട് ചേര്‍ന്ന് മൈസൂര്‍ റോഡിനോട് ചേര്‍ന്ന വയലുകളില്‍ ഉള്ളികൃഷിയാണ് ഇവര്‍ ചെയ്തുവരുന്നത്. ഇതിനായി നാല് ഏക്കര്‍ ഭൂമിയാണ് ഇവര്‍ പാട്ടത്തിനെടുത്തിട്ടുള്ളത്. മൂന്ന് മാസമാണ് ഉള്ളി വിളവെടുക്കാനുള്ള കാലം. ഇപ്പോള്‍ കേരളത്തില്‍ ഉള്ളിക്ക് വിലയേറിയതിനാല്‍ വിളവിറക്കിയതും ലാഭത്തിലായി. കേരളത്തെ അപേക്ഷിച്ച് കൃഷി എന്തുകൊണ്ടും അനുയോജ്യമായ സാഹചര്യമാണ് കര്‍ണാടകയിലെന്ന് ഇവര്‍ പറയുന്നു. തൊഴിലാളികളുടെ കൂലിയിലെ വ്യത്യാസവും ജോലിയെടുക്കാനുള്ള കര്‍ഷകരുടെ ലഭ്യതയുമാണ് ഇതില്‍ പ്രധാനം.
കേരളത്തില്‍ ഒരു വനിതാ തൊഴിലാളിക്ക് ദിവസവും മൂന്നൂറ് രൂപയാണ് ശരാശരി കൂലി. എന്നാല്‍ 120 മുതല്‍ 130 വരെയാണ് ഇവിടത്തെകൂലി. കൂടാതെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാറും അനുഭാവപൂര്‍ണമായ പിന്തുണയേകുന്നതും ഇവര്‍ക്ക് തുണയാകുന്നു.കൃഷിയിടങ്ങളിലേക്ക് ജലസേചന സൗകര്യത്തിനായി മോട്ടോര്‍ ഉപയോഗിക്കാന്‍ വൈദ്യുതി സൗജന്യമാണിവിടെ.കേരളത്തെപ്പോലെ ജലസംഭരണ ശേഷിയുള്ള കിണറുകള്‍ ഇവിടെയില്ല. എല്ലാ വയലേലകളിലും കുഴല്‍ കിണര്‍ ആണ് ഉപയോഗിക്കുന്നത്. കുഴല്‍ കിണര്‍ നിര്‍മിക്കാന്‍ 50 ശതമാനം സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കുന്നു. കൂടാതെ കൃഷിയിടങ്ങളില്‍ വെള്ളം അനാവശ്യമായി പോകാതിരിക്കാന്‍ ട്രിപ്പ് ചെയ്യുന്ന രീതിയാണ് മിക്ക പാടങ്ങളിലും കാണുന്നത്. വലിയ പൈപ്പുകളില്‍ നിന്ന് ചെറിയ പൈപ്പുകളിലൂടെ വെള്ളത്തെ വഴിതിരിച്ച് വിട്ട് പാകത്തിന് ജലം വിതരണം ചെയ്യാനുള്ള സംവിധാനമാണ് ട്രിപ്പിംഗ്. ഇപ്രകാരം ട്രിപ്പ് ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഫണ്ടും അനുവദിക്കുന്നു. നാല് ഏക്കര്‍ ഉള്ളികൃഷി ചെയ്യാന്‍ ഒരു ലക്ഷം രൂപയാണ് ഇവര്‍ക്ക് ചെലവ് വന്നത്. ഒരു ടണ്‍ ഉള്ളിയാണ് വിത്തായി ഉപയോഗിച്ചത്. ഇതില്‍ നിന്ന് പതിനഞ്ച് ടണ്ണോളം ഉദ്പാദനം ഉണ്ടായതായി ഇവര്‍ പറയുന്നു. ഉള്ളിക്ക് പുറമെ കാബേജ്, തക്കാളി, ഉരുളക്കിഴങ്ങ്, ബീംസ് തുടങ്ങിയവയും ഇവര്‍ കൃഷി ചെയ്യുനന്നുണ്ട്. ഉള്ളി വിളവാകുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വലിയ കച്ചവടക്കാര്‍ ഇവിടങ്ങളിലെത്തുന്നു.
പാടശേഖരത്തില്‍ നിന്ന് തന്നെ കച്ചവടം നടക്കുന്നതിനാല്‍ കയറ്റുമതി പോലുള്ള ചെലവുകളും കുറവാണ്. വിളഞ്ഞ ഉള്ളികള്‍ കോയമ്പത്തൂരിലെ സംസ്‌കരണ ഫാക്ടറികളിലേക്കാണ് കയറ്റിയയക്കുന്നത്. മലപ്പുറം ജില്ലയിലെ മമ്പാട്,പന്തല്ലൂര്‍,എടക്കര,പെരിന്തല്‍മണ്ണ തുടങ്ങിയ ഭാഗങ്ങളിലെ നിരവധിപേരും അടുത്തകാലത്തായി ഗുണ്ടല്‍പേട്ടില്‍ കൃഷിചെയ്യുന്നുണ്ട്.
സീസണ്‍ കൃഷിക്ക് പുറമെ വാഴയും കപ്പയും വരെ ഇവിടത്തെ പരിചിത വിളകളാക്കി മാറ്റാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലേക്ക് കൃഷിയാവശ്യത്തിനായി കുടിയേറുന്ന പ്രവണതയും വര്‍ധിച്ചിരിക്കുകയാണ്. കന്നട മണ്ണിലെ ഇത്തരം കൃഷികള്‍ മലയാള മണ്ണിലും പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഈ യുവാക്കള്‍ പറയുന്നു.