ഭരണം സ്തംഭിച്ചു; വികസനം അന്യമായി തവിഞ്ഞാല്‍ പഞ്ചായത്ത്

Posted on: August 15, 2013 5:11 am | Last updated: August 15, 2013 at 5:11 am
SHARE

മാനന്തവാടി: ഗ്രൂപ്പ് വഴക്ക് മൂലം പഞ്ചായത്ത് ഭരണം സ്തംഭിച്ചതോടെ വികസനം അന്യമായി മാറുകയാണ് തവിഞ്ഞാല്‍ പഞ്ചായത്തില്‍. പഞ്ചായത്തിലെ എ , ഐ ഗ്രൂപ്പ് തര്‍ക്കം മൂലം കുറേ കാലമായി തവിഞ്ഞാല്‍ പഞ്ചായത്തില്‍ വികസനം സ്തംഭിച്ചിരിക്കുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പൊതു ശൗച്യാലയം പോലും തുറന്നു കൊടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
തലപ്പുഴ മത്സ്യ-മാംസ മാര്‍ക്കറ്റിന് സമീപത്താണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാല് മുറികളുള്ള ശൗച്യാലയം പണി പൂര്‍ത്തിയായത്. ഉദ്ഘാടനം കഴിഞ്ഞ് കുറച്ചു ദിവസം പ്രവര്‍ത്തിച്ചതല്ലാതെ പിന്നീട് ജലദൗര്‍ലഭ്യത്തിന്റെ പേര് പറഞ്ഞ് അടച്ചിടുകയായിരുന്നു. ശൗച്യാലയത്തിന്റെ വാതിലുകള്‍ ആകെ തകര്‍ന്നു കിടക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഈ കെട്ടിടം ഇന്ന് കാടു കയറിയ നിലയിലാണ്. തെരുവു നായകളുടേയും, പാമ്പ്, തേള്‍ തുടങ്ങിയ ഇഴ ജന്തുക്കളുടേയും വിളനിലമായി ഇവിടം മാറി. സ്രീകളടക്കമുള്ള നിരവധി ആളുകളാണ് പൊതു ശൗച്യാലമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്. പഞ്ചായത്തിലെ ഇത്തരത്തിലുള്ള വികസനപ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി മാസങ്ങള്‍ക്ക് മുമ്പ് ടൗണ്‍ വികസന സമിതി വിളിച്ച് ചേര്‍ത്തിരുന്നു. ഈ വികസമിതി യോഗത്തില്‍ മന്ത്രി പി കെ ജയലക്ഷമിയുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് ശൗച്യാലയത്തിന്റെ പണി പൂര്‍ത്തിയാക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉറപ്പ് നല്‍കിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. പഞ്ചായത്തിലെ ഗ്രൂപ്പ് വഴക്കാണ് എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടയിടുന്നത്. ഇതുപോലെ തന്നെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തലപ്പുഴയില്‍ 15 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ഗ്രാമീണ ചന്ത കെട്ടിടം പണി പൂര്‍ത്തിയായിട്ടും അടഞ്ഞുകിടക്കുന്നത്. കര്‍ഷകരുടെ പച്ചകറിയടക്കമുള്ള ഉത്പന്നങ്ങള്‍, കുടുംബശ്രീ, ജനശ്രീ, പ്രദേശിക സംഘങ്ങള്‍ എന്നിവയുടെ ഉത്പന്നങ്ങള്‍ വില്‍പന നടത്തുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് ഗ്രാമീണ ചന്തയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി പഞ്ചായത്തില്‍ നിന്നും കെട്ടിടത്തിന് നമ്പര്‍ ലഭിച്ചിട്ടില്ല എന്ന ഒറ്റ കാരണം പറഞ്ഞാണ് ഗ്രാമീണ ചന്തയുടെ ഉദ്ഘാടനം നടത്താന്‍ വൈകുന്നത്. തലപ്പുഴ ടൗണിന്റെ ഹൃദയഭാഗത്ത് മത്സ്യ-മാംസ മാര്‍ക്കറ്റിന് സമീപമാണ് ഈ നാലു മുറി കെട്ടിടം സ്ഥിതി ചെയ്യുന്നത്. പണി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. തലപ്പുഴ ടൗണിന്റെ സമീപത്തുള്ള അംഗണ്‍വാടി കെട്ടിടത്തിന്റെ അവസ്ഥയും മറിച്ചല്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സ്വന്തം കെട്ടിടം പഞ്ചായത്തിന്റെ അധീനതയിലുണ്ടായിട്ടും എസ്‌റ്റേറ്റ് പാടിയിലെ ജീര്‍ണ്ണിച്ച് ചോര്‍ന്നൊലിക്കുന്നതും ഏതു നിമിഷവും തകര്‍ന്നു വീഴാന്‍ സാധ്യതയുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്ക് കാരണം നാടിന്റെ വികസന പ്രവര്‍ത്തനം മുരടിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.