എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പര: ഇന്ത്യക്ക് ജയം

Posted on: August 15, 2013 2:21 am | Last updated: August 15, 2013 at 2:21 am
SHARE

karthikപ്രിട്ടോറിയ: ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ മത്സരിച്ച ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എ ടീം ചാമ്പ്യന്‍മാരായി. ഫൈനലില്‍ ആസ്‌ത്രേലിയയെ അമ്പത് റണ്‍സിന് തോല്‍പ്പിച്ചാണ് എ ടീം കിരീടം ചൂടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറില്‍ 243ന് ആള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്‌ത്രേലിയ 46.3 ഓവറില്‍ 193ന് പുറത്തായി. റൗണ്ട് റോബിന്‍ ലീഗില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു ആസ്‌ത്രേലിയ. ആ മികവ് കലാശപ്പോരില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. ശിഖര്‍ ധവാന്റെയും (62) ദിനേശ് കാര്‍ത്തിക്കിന്റെ (73) അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് തുണയായത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കക്കെതിരെ ഇരട്ടസെഞ്ച്വറിയുമായി തിളങ്ങിയ ശിഖര്‍ ധവാന്‍ തകര്‍പ്പന്‍ ഫോം തുടരുന്ന കാഴ്ചയായിരുന്നു ഫൈനലില്‍. 65 പന്തില്‍ ഒമ്പത് ഫോറുകള്‍ അടങ്ങുന്നതാണ് ധവാന്റെ ഇന്നിംഗ്‌സ്. 75 പന്തില്‍ പത്ത് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു കാര്‍ത്തിക്കിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാര ഒരു റണ്‍സിനും രോഹിത് ശര്‍മ ആറ് റണ്‍സിനും പുറത്തായി. റായുഡു (34), സാഹ (31) ഇന്ത്യന്‍ സ്‌കോര്‍ ഇരുനൂറ് കടത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. മൂന്ന് വിക്കറ്റെടുത്ത ഷഹ്ബാസ് നദീം ഇന്ത്യന്‍ നിരയില്‍ തിളങ്ങി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റും പാണ്‌ഡെ, റെയ്‌ന ഓരോ വിക്കറ്റും വീഴ്ത്തി.