സിറിയ: രാസായുധ പരിശോധകരുടെ തിരിച്ചുപോക്ക് വൈകും

Posted on: August 15, 2013 2:05 am | Last updated: August 15, 2013 at 2:05 am
SHARE

സന്‍ആ: സിറിയയില്‍ നിന്ന് യു എന്‍ രാസായുധ പരിശോധക വിദ്ഗ്ധരുടെ തിരിച്ചു പോക്ക് വൈകുമെന്ന് റിപ്പോര്‍ട്ട്. രാസായുധ പരിശോധനക്ക് സിറിയന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ വൈകുന്നതാണ് ഇതിന് കാരണം. സ്വീഡനില്‍ നിന്നുള്ള രാസായുധ വിദഗ്ധന്‍ എയ്ക് സെല്‍സ്‌ട്രോം ഈ വാരം അവസാനം സിറിയയിലെത്തുന്നുണ്ടെന്ന് യു എന്‍ ഉപ വക്താവ് യുഡാറോ ഡെല്‍ ബുയെ പറഞ്ഞു.
പരിശോധനകള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ യു എന്‍ സംഘം സിറിയന്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് വക്താവ് പറഞ്ഞു. സുരക്ഷിതവും സംശയ രഹിതവുമായി പരിശോധന പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന്റെ സഹായം തേടിയിട്ടുണ്ടെന്ന് സംഘം പറഞ്ഞു. മൂന്ന് സ്ഥലങ്ങളിലാണ് രാസായുധം സംബന്ധിച്ച പരിശോധനകള്‍ നടക്കുന്നത്.
ഈ മാസം ആറിന് യു എന്‍ വക്താവ് മാര്‍ട്ടിന്‍ നെസിര്‍കി അറിയിച്ചത് യു എന്‍ സംഘം പരിശോധനകള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ദിവസങ്ങള്‍ക്കകം സിറിയ വിടാനാകുമെന്നുമായിരുന്നു. എന്നാല്‍ തിരിച്ചുപോക്ക് വൈകുന്നത് എന്താണെന്ന് വ്യക്തമാക്കാന്‍ യു എന്‍ സംഘം ഇപ്പോഴും തയ്യാറായിട്ടില്ല.
കഴിഞ്ഞ മാസം 31 നാണ് സിറിയയില്‍ രാസായുധ പരിശോധന നടത്താന്‍ യു എന്‍ അനുമതി നല്‍കിയത്. അലെപ്പോയിലെ ഖാന്‍ അല്‍ അസല്‍ എന്ന ഗ്രാമത്തില്‍ സിറിയന്‍ സേന രാസായുധം പ്രയോഗിച്ചെന്നും 30 പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് പ്രക്ഷോഭകരുടെ പരാതി. മാര്‍ച്ച് 19നായിരുന്നു ഈ സംഭവം. ഈ പ്രദേശം യു എന്‍ സംഘം സന്ദര്‍ശിച്ചു.
മറ്റ് രണ്ട് പ്രദേശങ്ങളിലും സംഘം പരിശോധന നടത്തിയെങ്കിലും സുരക്ഷാ കാരണത്താല്‍ വെളിപ്പെടുത്താനാകില്ലെന്ന് യു എന്‍ സംഘം പറഞ്ഞു. സിറിയയില്‍ 13 തവണയായി രാസായുധം പ്രയോഗിച്ചുവെന്നാണ് യു എന്നിന് ലഭിച്ച റിപ്പോര്‍ട്ട്.
ഹേഗിലെ രാസായുധവിരുദ്ധ സംഘടനയിലെ പത്ത് പേരും ജനീവയിലെ ലോകാരോഗ്യ സംഘടനയിലെ അംഗങ്ങളുമാണ് യു എന്‍ സംഘത്തിലുള്ളത്.