അതിര്‍ത്തിയില്‍ നാല് ദിവസത്തിനിടെ ഒമ്പതാം തവണയും പാക് വെടിവെപ്പ്‌

Posted on: August 15, 2013 12:58 am | Last updated: August 15, 2013 at 12:58 am
SHARE

ജമ്മു: ജമ്മു കാശ്മീരില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടിയില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്ന ഇന്ത്യന്‍ സൈനിക ചെക്ക് പോസ്റ്റുകള്‍ക്കു നേരേ പാക്കിസ്ഥാന്‍ സൈന്യം വെടിവെപ്പ് നടത്തി.
ചൊവ്വാഴ്ച രാത്രി 10.15 മുതല്‍ 10.30 വരെ ഇത് തുടര്‍ന്നു. പിന്നീട് അര്‍ധരാത്രി 12 മണി മുതല്‍ 12.40 വരെയും വെടിവെപ്പുണ്ടായി. ഇന്ത്യന്‍ സൈന്യം തിരിച്ചു വെടിയുതിര്‍ത്തെന്നും ആളപായമോ പരുക്കോ സംഭവിച്ചിട്ടില്ലെന്നും സൈനിക വക്താവ് എസ് എന്‍ ആചാര്യ അറിയിച്ചു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഇത് ഒമ്പതാം തവണയാണ് പാക് സൈന്യം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ സാംബ ജില്ലയിലെ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി പാക് സൈന്യം വന്‍തോതില്‍ വെടിവെച്ചിരുന്നു. രാംഗഢില്‍ നാരയണ്‍പൂരിലെ ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് രാവിലെ ഏഴരക്ക് വെടിവെക്കുകയായിരുന്നുവെന്ന് ബി എസ് എഫ് വക്താക്കള്‍ അറിയിച്ചു. പാക്കിസ്ഥാനിലെ അശ്‌റഫ് പോസ്റ്റില്‍ നിന്നാണ് വെടിവെപ്പുണ്ടായത്. ജമ്മുവിലെ ബി എസ് എഫ് പോസ്റ്റിനു നേരെ ഞായറാഴ്ച രാവിലെയുണ്ടായ വെടിവെപ്പില്‍ ഒരു സൈനികന് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെ മെന്ദറിലെ ബലാകോട് സെക്ടറില്‍ ഉച്ചയോടെ വീണ്ടും പാക് സൈന്യം വെടിവെപ്പ് നടത്തി. സൈന്യത്തിന്റെ അഞ്ച് പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
വെള്ളിയാഴ്ച അര്‍ധ രാത്രി ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായി പൂഞ്ച് സെക്ടറില്‍ വെടിവെപ്പുണ്ടായിരുന്നു. പൂഞ്ചിലെ ചകന്‍ ദ ബാഗ് സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതോടെയാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായത്. സായുധരായ ഇരുപതോളം പേര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നാനൂറ് മീറ്ററോളം കടന്നാണ് അന്ന് ആക്രമണം നടത്തിയത്.