പഴകിയ ഭക്ഷണം; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

Posted on: August 14, 2013 9:52 pm | Last updated: August 14, 2013 at 9:52 pm
SHARE

റാസല്‍ഖൈമ: പഴകിയ മത്സ്യം ഉള്‍പ്പെട്ട ഭക്ഷണം വിളമ്പിയ റസ്റ്റോറന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായി റാസല്‍ഖൈമ നഗരസഭ അറിയിച്ചു. ചെറിയപെരുന്നാള്‍ അവധി ദിനത്തില്‍ റസ്റ്റോറന്റില്‍ നിന്നും വാങ്ങിയ ഊണിനൊപ്പം നല്‍കിയത് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണെന്ന് കാണിച്ച് ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് റസ്റ്റോറന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.
പരാതി ലഭിച്ച ഉടന്‍ ഒരു സംഘം പരിശോധകരെ നഗരസഭാധികൃതര്‍ റെസ്‌റ്റോറന്റില്‍ അന്വേഷണം നടത്താന്‍ നിയോഗിക്കുകയായിരുന്നു. ഇവിടെ നിന്നും ശേഖരിച്ച മത്സ്യം ലാബില്‍ പരിശോധിച്ചപ്പോഴാണ് ഭക്ഷ്യയോഗ്യമല്ലാത്താവയാണെന്ന് വ്യക്തമായത്. മത്സ്യത്തിന് ചീഞ്ഞ ഗന്ധവുമായിരുന്നുവെന്ന് നഗരസഭാ ചെയര്‍മാന്‍ മുബാറക് അല്‍ ശംസി വെളിപ്പെടുത്തി.
പരാതിക്കാരന്‍ നഗരസഭയില്‍ എത്തിച്ച മത്സ്യം ഉള്‍പ്പെട്ട ഭക്ഷണവും ചീത്തയായതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഉപഭോക്താവിന്റെ പരാതിയുടെ വെളിച്ചത്തില്‍ നഗരത്തിലെ മുഴുവന്‍ റസ്റ്റോറന്റുകളിലും കഫറ്റേരിയകളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പരിശോധന നടത്തിയതായി നഗരസഭയുടെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഖലീഫ മക്തൂമും വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന എമിറേറ്റിലെ എല്ലാ സ്ഥാപനങ്ങളിലും ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. എമിറേറ്റിലെ കടകളില്‍ നടത്തിയ പരിശോധനകളില്‍ ഇത്തരം കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്.
എമിറേറ്റിലെ അടുക്കളകളും റെസ്‌റ്റോറന്റുകളും നഗരസഭയുടെ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതായാണ് മനസിലാവുന്നത്. ഇതാണ് കേസുകള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറയാന്‍ ഇടയാക്കിയത്. എമിറേറ്റിലെ മാര്‍ക്കറ്റുകളില്‍ റമസാന്‍ കാലത്ത് പുലര്‍ച്ചെ നാലു മണി വരെ പരിശോധകരുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. ആരോഗ്യം, പരിസ്ഥിതി, വെറ്റിനറി ഉള്‍പ്പെട്ട വിധഗ്ദരുടെ നേതൃത്വത്തിലായിരുന്നു മാര്‍ക്കറ്റുകളിലെ പരിശോധന. 24 മണിക്കൂറും ഫുഡ് ലാബ് വിദഗ്ധരുടെ സേവനവും ലഭ്യമാക്കിയിരുന്നു. റമസാന്‍ മുഴുവന്‍ ഈ സംവിധാനം പ്രവര്‍ത്തിച്ചതായും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയായിരുന്നു പരിശോധനയെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ മനുഷ്യയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയതിന് മൂന്ന് റെസ്റ്റോറന്റുകള്‍ക്കെതിരായി പിഴ ചുമത്തിയിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ സമഗ്രമായ പരിശോധനാ കാമ്പയിന്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയതും പിഴ ചുമത്തിയതും. തലേ ദിവസം തയ്യാറാക്കിയ ഭക്ഷണം പുതിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തിയ കടക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
നഗരസഭയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇത്തരം ഭക്ഷണസാധനങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നതിനാലാണിത്. 20,000 മുതല്‍ 30,000 ദിര്‍ഹം വരെയാണ് സാധാരണയായി പിഴ ചുമത്തുന്നത്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട കേസുകളില്‍ നിയമലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ടു ലക്ഷം ദിര്‍ഹം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താറുണ്ടെന്നും പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ വിശദീകരിച്ചു.