പായ്ക്കപ്പലില്‍ ലോകം ചുറ്റിയ അഭിലാഷ് ടോമിക്ക് കീര്‍ത്തിചക്ര

Posted on: August 14, 2013 7:27 pm | Last updated: August 15, 2013 at 12:45 am
SHARE
atomy
അഭിലാഷ് ടോമി

മുംബൈ: പായ്‌വഞ്ചിയില്‍ തീരത്തിറങ്ങാതെ ലോകം ചുറ്റിയ മലയാളി നാവികന്‍ അഭിലാഷ് ടോമിക്ക് കീര്‍ത്തിചക്ര. യുദ്ധവേളയല്ലാത്ത അവസരങ്ങളില്‍ അസാമാന്യ ധീരത പ്രകടിപ്പിക്കുന്ന സൈനികര്‍ക്ക് നല്‍കുന്ന ബഹുമതിയായാണ് അഭിലാഷ് ടോമിക്ക് കീര്‍ത്തിചക്ര ലഭിക്കുക.
തീരത്തണയാതെ നാല് ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് അഭിലാഷ് ലോകപര്യടനം പൂര്‍ത്തിയാക്കിയത്. മാദേയി എന്ന പായ്‌വഞ്ചിയാണ് ഉപയോഗിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് അഭിലാഷ്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് മുംബൈ തീരത്ത് നിന്ന് യാത്ര തിരിച്ച അഭിലാഷ് ഏപ്രിലിലാണ് തിരിച്ചെത്തിയത്.
നാവികസേനയില്‍ ലഫ്. കമാന്‍ഡറാണ് 34 കാരനായ അഭിലാഷ് ടോമി. തൃപ്പൂണിത്തുറ കണ്ടനാട് സ്വദേശിയാണ്.
ആലപ്പുഴ ചേന്നംകരി വല്ല്യാറ വീട്ടില്‍ വി സി ടോമിയുടെയും വത്സമ്മയുടെയും മകനാണ്. പുരസ്‌കാരം മാതാവിന് സമര്‍പ്പിക്കുന്നതായി അഭിലാഷ് പറഞ്ഞു.