Connect with us

Kannur

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഫോണ്‍ കണ്ടെത്താന്‍ അമേരിക്കന്‍ നിര്‍മിത ഉപകരണം

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ അനധികൃത മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ വിദേശ നിര്‍മിത ഉപകരണമെത്തുന്നു. ജയിലിനകത്ത് തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് അവ കണ്ടുപിടിക്കാന്‍ ആധുനിക ഉപകരണം കൊണ്ടുവരാന്‍ ജയിലധികൃതര്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിന് ശിപാര്‍ശ നല്‍കി.

നോണ്‍ ലീനിയര്‍ ജംഗ്ഷന്‍ ഡിറ്റക്ടര്‍ എന്ന പേരിലുള്ള അമേരിക്കന്‍ നിര്‍മിത ഉപകരണമാണ് ജയിലിലേക്കെത്തിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 11.5 ലക്ഷം രൂപയാണ് ഒരു ഉപകരണത്തിന്റെ വില. ഒരു ഉപകരണം വാങ്ങാനുള്ള അനുമതിക്കായാണ് ജയിലധികൃതര്‍ സര്‍ക്കാറിന് അപേക്ഷ നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ മണ്ണില്‍ കുഴിച്ചിട്ടാലും സ്വിച്ച് ഓഫ് ചെയ്താലും ഈ ഉപകരണം കണ്ടെത്തും. മണ്ണിലും ചുമരുകള്‍ക്കുള്ളിലും ഒളിയിടങ്ങളിലും ഒന്നര അടി താഴ്ചയില്‍ വരെ നോണ്‍ ലീനിയര്‍ ജംഗ്ഷന്റെ തരംഗങ്ങള്‍ കടന്നുചെല്ലും. മൊബൈല്‍ ഫോണുകളോ ഇലക്‌ട്രോണിക് ഉപകരണങ്ങളോ ഉണ്ടെങ്കില്‍ ഇതില്‍ നിന്നും അലാറം അടിക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഫോണുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മണ്ണില്‍ കുഴിച്ചിട്ടും കക്കൂസ് ക്ലോസറ്റിനുള്ളിലുമായാണ് സൂക്ഷിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പുതിയ ഉപകരണം വരുന്നതോടെ ഇത്തരം ഒളിയിടങ്ങള്‍ എളുപ്പം കണ്ടെത്താനാകും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സുരക്ഷാ ഉദ്യോഗസ്ഥരും വിവിധ ഏജന്‍സികളും ഈ ഉപകരണം ഉപയോഗിക്കുന്നുണ്ട്. ഡല്‍ഹിയില്‍ വി വി ഐ പികളുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് 2008 മുതല്‍ ഈ ഉപകരണം ഉപയോഗിച്ചു വരുന്നുണ്ട്. ഉത്തര്‍പ്രദേശ് പോലീസിന്റെ കൈവശം ഒമ്പതും കാബിനറ്റ് സെക്രട്ടറി ഓഫീസില്‍ ഒന്നും മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ രണ്ട് വീതവും ഉപയോഗപ്പെടുത്തുന്നുണ്ട്.
ഏറ്റവും കൂടുതല്‍ നോണ്‍ ലീനിയര്‍ ജംഗ്ഷന്‍ ഡിറ്റക്ടര്‍ ഉപയോഗിക്കുന്നത് മഹാരാഷ്ട്രാ പോലീസും ഒഡീഷാ പോലീസുമാണ്. മഹാരാഷ്ട്ര പോലീസിന്റെ കൈവശം 17ഉം ഒഡീഷാ പോലീസിന്റെ കൈവശം 14 ഉം ഉപകരണങ്ങളാണുള്ളത്. കേരള പോലീസും അടുത്തിടെയായി നോണ്‍ ലീനിയര്‍ ജംഗ്ഷന്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കേരളാ പോലീസിന്റെ പക്കല്‍ ഏഴ് ഉപകരണമാണുള്ളത്. മൊബൈല്‍ ഫോണുകള്‍ കൂടാതെ എല്ലാവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും കണ്ടെത്താനുള്ള സംവിധാനവും ഇതിലുണ്ട്.
നേരത്തെ തടവുകാരുടെ അനധികൃത മൊബൈല്‍ ഉപയോഗം തടയാന്‍ 25 ലക്ഷം രൂപ ചെലവിട്ട് കെല്‍ട്രോണാണ് ജാമറുകള്‍ സ്ഥാപിച്ചത്. തടവുകാര്‍ ഈ ഉപകരണത്തിന് മേല്‍ ഉപ്പിട്ട് ദ്രവിപ്പിച്ചാണ് ജാമറുകള്‍ നിശ്ചലമാക്കിയത്. വാര്‍ഡര്‍മാര്‍ക്ക് എടുത്തുനടന്ന് ഉപയോഗിക്കാവുന്ന ഉപകരണമാണ് നോണ്‍ ലീനിയര്‍ ജംഗ്ഷന്‍ ഡിറ്റക്ടറുകള്‍. അതുകൊണ്ടുതന്നെ മൊബൈല്‍ ജാമറുകള്‍ക്കുണ്ടായ ദുര്യോഗം ഇതിനുണ്ടാകില്ലെന്നും ഉറപ്പാണ്. അനുമതി ലഭിക്കുകയാണെങ്കില്‍ കേരളത്തില്‍ ആദ്യമായി നോണ്‍ ലീനിയര്‍ ജംഗ്ഷന്‍ ഡിറ്റക്ടര്‍ സ്വന്തമാക്കുന്ന ജയിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാറും.

 

---- facebook comment plugin here -----