Connect with us

International

ഫുക്കുഷിമ: ആണവവികരണ ജലം ഇപ്പോഴും കടലിലേക്ക് ഒഴുക്കുന്നു

Published

|

Last Updated

ടോക്കിയോ: ഫുക്കുഷിമ ആണവ റിയാക്ടറില്‍ നിന്ന് ആണവവികിരണം കലര്‍ന്ന വെള്ളം കടലിലേക്ക് ഇപ്പോഴും ഒഴുക്കിവിടുകയാണെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പത്തെ തുടര്‍ന്ന് പ്ലാന്റിന്റെ ശീതീകരണി തകരാറിലായതോടെ പ്ലാന്റ് പൊട്ടിത്തെറിച്ച് അപകടമുണ്ടാകുന്നത് തടയാനാണ് കടല്‍വെള്ളം പമ്പ് ചെയ്ത് റിയാക്ടര്‍ തണുപ്പിച്ചത്. ആണവ ചോര്‍ച്ചയെ തുടര്‍ന്ന് മലിനമായ ഈ വെള്ളമാണ് രണ്ടര വര്‍ഷമായിട്ടും കടലിലേക്ക് തള്ളുന്നത്. ടോക്കിയോ ഇല്ക്ട്രിക് പവര്‍ കമ്പനിയുടെ ചുമതലയിലാണ് ഫുക്കുഷിമ പ്ലാന്റ്. ഇപ്പോഴും അപകടകരമായ സാഹചര്യമാണ് പ്ലാന്റിലുള്ളതെന്ന് ആണവ നിരീക്ഷകര്‍ പറയുന്നു. ഇലക്ട്രിക് കമ്പനി പ്രശ്‌നം നേരിടാന്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്.
പ്ലാന്റിലെ ജീവനക്കാരനായിരുന്ന 56 കാരനായ ഫുജിമോട്ടോ സാന്‍ ആണ് ആണവ വികിരണം കലര്‍ന്ന വെള്ളം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുന്നത് വെളിപ്പെടുത്തിയത്. രണ്ടരകൊല്ലമായി ഇത് തുടരുന്നു. കടലിലെ ജൈവാവസ്ഥക്കും മത്സ്യസമ്പത്തിനും ഭീഷണിയാണ് ആണവ വികിരണമുള്ള വെള്ളം. ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനിക്ക് ഇതെല്ലാം അറിയാമെങ്കിലും ഒന്നും ചെയ്യുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. കുറഞ്ഞ ശമ്പളത്തിനാണ് പ്ലാന്റിലെ ജീവനക്കാര്‍ ഇപ്പോഴും ജോലി ചെയ്യുന്നത്. 300 ടണ്‍ ആണവ ഇന്ധനമാണ് പ്രതിദിനം ചോരുന്നത്. ഇത് ഭൂഗര്‍ഭജലത്തിലാണ് എത്തുന്നത്.